തെൽ അവീവ്: സുരക്ഷിതമേഖലയെന്ന് പ്രഖ്യാപിച്ചയിടത്തും ബോംബിട്ട് ഇസ്രായേൽ. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. തണുപ്പും മഴയും ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് സുരക്ഷിതമേഖലയിൽ പോലും തുടർച്ചയായി ഇസ്രായേലിന്റെ ആക്രമണമുണ്ടാവുന്നത്.
ദക്ഷിണ ഗസയിലെ അൽ മവാസി മേഖലയിലാണ് കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ ആക്രമണമുണ്ടായത്. തങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ബന്ദികളെ വിട്ടയക്കുകയും ചെയ്തില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രായേൽ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷിത മേഖലയിൽ പോലും ഇസ്രായേലിന്റെ ആക്രമണങ്ങൾ ശക്തമാവുന്നത്.
അതേ സമയം, ജബാലിയയിലെ അഭയാർഥി ക്യാമ്പുകളിൽ ബുധനാഴ്ച പുലർച്ച നടത്തിയ ആക്രമണങ്ങളിൽ മരണം 17 ആയി. കൊല്ലപ്പെട്ടവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിൽ ബോംബിട്ട് കുഞ്ഞിനെയും ഇസ്രായേൽ വധിച്ചു. ഒക്ടോബർ ആറു മുതൽ കടുത്ത ഉപരോധം തുടരുന്ന വടക്കൻ ഗസ്സയിൽ ജബാലിയ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ കൂട്ടമായി വീടുകൾ നശിപ്പിക്കുന്നതും തുടരുകയാണ്. വടക്കൻ ഗസ്സയിൽ എല്ലാവരെയും ഒഴിപ്പിച്ച് കരുതൽ മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഗസ്സയിൽ അതിശൈത്യത്തിനൊപ്പം ശക്തമായ മഴയും കാറ്റുമെത്തിയത് ക്യാമ്പുകളിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയിട്ടുണ്ട്. ഗസ്സ സിറ്റി, ദക്ഷിണ ഖാൻ യൂനുസ്, ദെയ്റുൽ ബലഹ് എന്നിവിടങ്ങളിൽ കനത്തമഴയിൽ ജലനിരപ്പുയർന്നത് 1500ലേറെ തമ്പുകൾ താമസിക്കാനാവാത്തതാക്കി. കടുത്തഭക്ഷ്യക്ഷാമം നിലനിൽക്കുന്നതിനിടെയാണ് അതിശൈത്യവും പിടിമുറുക്കിയത്. ഗസ്സയിലേക്ക് പ്രതിദിനം 500ലേറെ ട്രക്കുകൾ ആവശ്യമായിടത്ത് ഒരു മാസത്തിനിടെ 160 ഭക്ഷ്യ ട്രക്കുകളാണ് അതിർത്തി കടക്കാൻ അനുവദിച്ചതെന്ന് യു.എൻ മാനുഷിക ഏജൻസി അറിയിച്ചു. അതിനിടെ, ഗസ്സ വെടിനിർത്തൽ ചർച്ചകൾ വീണ്ടും വഴിമുട്ടിയതായി റിപ്പോർട്ട്. 30 ബന്ദികളെ വിട്ടയക്കുന്നതിനു പകരം 60 ദിവസ വെടിനിർത്തലാണ് ഇസ്രായേൽ മുന്നോട്ടുവെച്ചിരുന്നത്. ബന്ദികളെ ജീവനോടെ ലഭിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ട ചില തടവുകാരെ വിട്ടയക്കാനാകില്ലെന്നും ഇസ്രായേൽ നിലപാടെടുത്തതോടെയാണ് ചർച്ച വഴിമുട്ടിയതെന്നാണ് റിപ്പോർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.