വാഷിങ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കാലുഷ്യം നിറഞ്ഞ രാഷ്ട്രീയ പരിണാകാലത്തിന് വിരാമമിട്ട് ഡെമോക്രാറ്റ് പാർട്ടിയിലെ ജോസഫ് റോബിനറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ യു.എസിെൻറ 46ാമത് പ്രസിഡൻറായി അധികാരമേറ്റു. 36 വർഷം സെനറ്ററായിരുന്ന, 78കാരനായ ബൈഡൻ യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്.
ഇന്ത്യക്ക് അഭിമാനമായി ബൈഡനൊപ്പം ഏഷ്യൻ വംശജ കമല ദേവി ഹാരിസ് വൈസ് പ്രസിഡൻറായും സ്ഥാനമേറ്റു. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡൻറാകുന്ന കമലയുടെ മാതാവ് തമിഴ്നാട്ടുകാരിയാണ്.
കമലയാണ് ആദ്യം അധികാരമേറ്റത്. കമലക്ക് ജസ്റ്റിസ് സോണിയ സോട്ടോമേയറും ബൈഡന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സും സത്യവാചകം ചൊല്ലിക്കൊടുത്തു. ബൈഡന്റെ കുടുംബം പാരമ്പര്യമായി ഉപയോഗിച്ചു പോന്നിരുന്ന 127 വർഷം പഴക്കമുള്ള ബൈബിളിൽ കൈവെച്ചായിരുന്നു സത്യപ്രതിജ്ഞ.
ഇന്ന് ജനാധിപത്യത്തിന്റെയും അമേരിക്കയുടെയും ദിനമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡൻ പ്രഖ്യാപിച്ചു. ജനാധിപത്യം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളാണ്. രണ്ടാഴ്ച മുമ്പ് നടന്ന അക്രമത്തെ മറികടന്ന് രാജ്യം വീണ്ടും ഒന്നിച്ചു. ആഭ്യന്തര ഭീകരവാദത്തെ ചെറുക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു.
നമുക്ക് ഏറെ നേടാനുണ്ട്, ഏറെ മറികടക്കാനുണ്ട്. എല്ലാ പ്രതിസന്ധികളെയും ഐക്യത്തോടെ നാം നേരിടുമെന്നും മറികടക്കുമെന്നും ബൈഡൻ പറഞ്ഞു. എല്ലാ അമേരിക്കാരുടെയും പ്രസിഡന്റായിരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 10.18 ന് (പ്രാദേശിക സമയം 11.50) ആയിരുന്നു കാപിറ്റൽ ഹില്ലിൽ ലോകം ഉറ്റുനോക്കിയ ബൈഡെൻറ സ്ഥാനാരോഹണം. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കേണ്ട ചടങ്ങിൽ അവരെ പ്രതീകവത്കരിച്ച് നാഷനൽ മാളിനു മുന്നിൽ രണ്ട് ലക്ഷത്തോളം പതാകകൾ അണിനിരത്തിയിരുന്നു. കോവിഡ് കാരണം ആയിരത്തിൽ താഴെപ്പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുത്തില്ല. 1869 നുശേഷം ഒരു പ്രസിഡൻറ് പിൻഗാമിയുടെ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നത് ഇതാദ്യമാണ്. മുൻ പ്രസിഡൻറുമാരായ ബറാക് ഒബാമ, ബിൽ ക്ലിൻറൺ, ജോർജ് ഡബ്ല്യു ബുഷ് എന്നിവർ സന്നിഹിതരായി. ഒബാമക്കു കീഴിൽ എട്ടു വർഷം വൈസ് പ്രസിഡൻറായിരുന്നു ബൈഡൻ. ട്രംപിന്റെ യാത്രയയപ്പ് ചടങ്ങിൽനിന്ന് വിട്ടു നിന്ന സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡൻറ് മൈക് പെൻസ് ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങിനെത്തി.
ജനുവരിയിൽ കാപിറ്റൽ ഹിൽ കെട്ടിടത്തിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറിയതിനാൽ സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എല്ലാ രാജ്യസ്നേഹികൾക്കും നന്ദി അറിയിച്ച ബൈഡൻ ജനാധിപത്യത്തിന്റെ ദിനമാണിതെന്ന് സത്യപ്രതിജ്ഞക്കുശേഷം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.