വാഷിങ്ടൺ: ഇന്ത്യൻ വംശജ കമല ഹാരിസിനെ ഡെമോക്രോറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡനാണ് കമലയെ തെരഞ്ഞെടുത്തത്.
നിലവിൽ കാലിഫോർണിയയിലെ സെനറ്ററായ കമല ഹാരിസ് അമേരിക്കയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊരാളാണ്.
അമേരിക്കയിലെ പ്രധാനപദവികളിലൊന്നിലേക്ക് ഒരു മേജർ പാർട്ടിയിൽ നിന്നും മത്സരിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരിയും ഇന്ത്യൻ വംശജയുമായി 55 കാരിയായ കമല ഹാരിസ് മാറി. കമല ധീരയായ പോരാളിയാണെന്നും രാജ്യത്തെ മികച്ച പൊതുപ്രവർത്തകരിൽ ഒരാളാണെന്നും ഞങ്ങളൊന്നിച്ച് ട്രംപിനെ പരാജയപ്പെടുത്തുമെന്നും ജോ ബൈഡൻ ആശംസനേർന്നു.
കമലയുടെ സ്ഥാനാർഥിത്വം അത്ഭുതപ്പെടുത്തുന്നതാണെന്നും അവർ പ്രകടനത്തിൽ വളരെ മോശമാണെന്നും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഒരു ഇന്ത്യൻ വംശജ പ്രധാന സ്ഥാനത്തേക്ക് മത്സരിക്കുന്നത് ട്രംപ് രാഷ്ട്രീയമായി ഉപയോഗിക്കാൻ സാധ്യതയേറെയാണ്.
തമിഴ് കുടുംബത്തിൽ നിന്നുള്ള ശ്യാമള ഗോപാലൻെറയും ജമൈക്കൻ വംശജനായ ഡൊണാൾഡ് ഹാരിസിൻെറയും മകളാണ് കമല.
നേരത്തെ പ്രസിഡൻറ് സ്ഥാനത്തേക്ക് ട്രംപിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കമല ഹാരിസ് പിന്നീട് പിന്മാറിയിരുന്നു. പ്രചാരണത്തിന് ഫണ്ട് ഇല്ലാത്തതിനാലാണ് മത്സരത്തിൽ നിന്നും പിന്മാറുന്നത് എന്നായിരുന്നു കമലയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.