ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രതിസന്ധിയിലാക്കി സർക്കാറിനുളള പിന്തുണ പിൻവലിച്ച് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി. ഇതോടെ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ന്യൂനപക്ഷമാകും. പ്രതിസന്ധി ഒഴിവാക്കാൻ പുതിയ സഖ്യം രൂപീകരിക്കാൻ ട്രൂഡോ നിർബന്ധിതനായിരിക്കുകയാണ്.
സെപ്റ്റംബർ 16നാണ് കാനഡയിലെ ഹൗസ് ഓഫ് കോമൺസ് ഇനി യോഗം ചേരുന്നത്. ഹൗസ് ഓഫ് കോമൺസിന്റെ യോഗത്തിൽ പ്രതിപക്ഷം വിശ്വാസവോട്ട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. എൻ.ഡി.പി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നാൽ ട്രൂഡോ സർക്കാറിന് ആശ്വസിക്കാം. എന്നാൽ, ട്രൂഡോക്ക് എതിരായി എൻ.ഡി.പി നിലപാടെടുത്താൽ പ്രതിപക്ഷത്തുള്ള എം.പിമാരുടെ പിന്തുണ ഭരണം നിലനിർത്താൻ ട്രൂഡോക്ക് ആവശ്യമായി വന്നേക്കും.
നിത്യോപയോഗ സാധനങ്ങളുടെ അടക്കം വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് ട്രൂഡോ സർക്കാറിനുള്ള പിന്തുണ ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിൻവലിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും ജഗ്മീത് സിങ് അറിയിച്ചിരുന്നു.
അതേസമയം, നേരത്തെ തെരഞ്ഞെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങൾ ട്രൂഡോ തള്ളിയിട്ടുണ്ട്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ജസ്റ്റിൻ ട്രൂഡോക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് പ്രവചനങ്ങൾ. 2022ലാണ് ട്രൂഡേയും ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ സഖ്യമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.