പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ യാത്രക്കാരുമായി പോയ വാഹന വ്യൂഹത്തിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ എട്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. ശിയ വിഭാഗത്തിൽപെട്ടവരാണ് കൊല്ലപ്പെട്ടവരിലധികവും.
അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഖുറം ജില്ലയിലാണ് സംഭവം. പരചിനാറിൽനിന്ന് ഖൈബർ പഖ്തൂൺഖ്വ തലസ്ഥാനമായ പെഷവാറിലേക്ക് കോൺവോയ് അടിസ്ഥാനത്തിൽ പോകുകയായിരുന്ന വാഹനങ്ങൾക്കുനേരെ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. താലിബാന്റെ സ്വാധീന മേഖലയാണിത്. 200 ഓളം വാഹനങ്ങളാണ് വ്യൂഹത്തിലുണ്ടായിരുന്നത്.
ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഖാൻ ഗണ്ഡാപൂർ ആക്രമണത്തെ അപലപിച്ചു. പ്രവിശ്യാ നിയമമന്ത്രി, മേഖലയിലെ നിയമസഭാംഗങ്ങൾ, ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തോട് ഖുറം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ അദ്ദേഹം നിർദേശിച്ചു. മേഖലയിലെ ഹൈവേകൾ സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.