ബകു: അസർബൈജാൻ-അർമീനിയ അതിർത്തിയിലെ സ്വയം പ്രഖ്യാപിത നഗോർണോ-കരാബക്ക് റിപ്പബ്ലിക് അടുത്ത വർഷം ഇല്ലാതാകുമെന്ന് ഭരണത്തലവൻ സാംവെൽ ഷഹ്രമന്യൻ. എല്ലാ സർക്കാർ സ്ഥാപനങ്ങളും ജനുവരി ഒന്ന് മുതൽ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചതായി അദ്ദേഹം പറഞ്ഞു. മൂന്ന് ദശാബ്ദത്തോളം അർമീനിയൻ വംശജരുടെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം കഴിഞ്ഞയാഴ്ചയാണ് അസർബൈജാൻ പിടിച്ചെടുത്തത്. ഇതേത്തുടർന്ന്, മേഖലയിലെ ഭൂരിപക്ഷം വരുന്ന അർമീനിയൻ വംശജരിൽ പകുതിയിലധികവും അർമീനിയയിലേക്ക് പലായനംചെയ്തു.
ജനങ്ങളുടെ ഭൗതികസുരക്ഷയും നിർണായക താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായാണ് സർക്കാർ പിരിച്ചുവിടുന്നതെന്ന് സാംവെൽ പറഞ്ഞു. താമസക്കാർക്ക് സ്വതന്ത്രവും സ്വന്തം ഇഷ്ടപ്രകാരവും തടസ്സമില്ലാതെയുമുള്ള സഞ്ചാരം ഉറപ്പുവരുത്തുമെന്ന് അസർബൈജാൻ സമ്മതിച്ചത് പരാമർശിച്ചായിരുന്നു അദ്ദേഹത്തിെന്റ അഭിപ്രായപ്രകടനം.
നഗോർണോ-കരാബക്ക് മേഖലയിലും പുറത്തും താമസിക്കുന്നവർ അസർബൈജാനിൽ ലയിക്കുന്ന സാഹചര്യത്തോട് പൊരുത്തപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് കരാബക്ക് ഭരണകൂടവും അസർബൈജാൻ അധികൃതരും തമ്മിൽ ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ നഗോർണോ-കരാബക്കിൽ അർമീനിയക്കാർ ആരും ശേഷിക്കുന്നില്ലെന്ന് പ്രതീക്ഷിക്കുന്നതായി അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷിന്യാൻ പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ പ്രദേശം അസർബൈജാെന്റ ഭാഗമായാണ് അംഗീകരിക്കപ്പെടുന്നത്. സോവിയറ്റ് യൂനിയെന്റ പതനത്തോടെ 1990കളിലാണ് അർമീനിയ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.