ന്യൂയോർക്ക്: ലൈംഗികാരോപണങ്ങളെ തുടർന്ന് ആൻഡ്യു കുമോ രാജിവെച്ച് ഒഴിഞ്ഞതോടെ അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തിന് ആദ്യ വനിത ഗവർണറെ ലഭിക്കും. ഡെമോക്രാറ്റ് പാർട്ടിയുടെ തന്നെ ലെഫ്നന്റ് ഗവർണറായ കാത്തി ഹോച്ചുലാണ് ന്യൂയോർക്ക് ഗവർണറാകാൻ ഒരുങ്ങുന്ന ആദ്യ വനിത.
നിലവിലെ സാഹചര്യത്തിൽ തനിക്ക് ചെയ്യാനാവുന്ന ഏറ്റവും ഉചിതമായ കാര്യം ഭരണ പദവിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് രാജി പ്രഖ്യാപിച്ച് കൊണ്ട് ക്യൂമോ പറഞ്ഞു. അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെടെ 11 പേരാണ് കുമോക്കെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. അഞ്ചുമാസത്തോളം നീണ്ട ആരോപണങ്ങള്‍ക്കുശേഷമാണ് കുമോയുടെ രാജി പ്രഖ്യാപനം.
ആരോപണങ്ങളെല്ലാം ഇതുവരെ കുമോ നിഷേധിക്കുകയായിരുന്നു. ഡെമോക്രാറ്റുകൾക്കിടയിൽ നിന്ന് എതിര്‍പ്പുയരുകയും ഇംപീച്ച്‌മെന്‍റ് നടപടികളിലേക്ക് കടന്നപ്പോഴാണ് കുമോ രാജിക്ക് തയാറായത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവ് കൊണ്ട് ഒരു വർഷം മുമ്പ് ഏറെ കൈയ്യടി നേടിയ ശേഷമാണ് കൂമോയുടെ വൻ വീഴ്ച. ഇതിന് പിന്നാലെ നഴ്സിങ് ഹോമുകളിലെ കോവിഡ് മരണങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായി.
2010ലാണ് കുമോ ആദ്യം ന്യൂയോർക്ക് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. കുമോയുടെ പിതാവിന്‍റെ പാത പിന്തുടർന്ന അദ്ദേഹം മൂന്ന് തവണ സംസ്ഥാനത്തിന്റെ ഗവർണർ പദവി അലങ്കരിച്ചു. ഡെമോക്രാറ്റ് പാർട്ടിക്ക് മേധാവിത്വമുള്ള സംസ്ഥാനത്ത് 2014ലും 2018ലും അദ്ദേഹം വിജയത്തുടർച്ച നേടി.
ഗവർണർ സ്ഥാനത്തെത്തുന്നതിന് മുമ്പ് ന്യൂയോർക്ക് അറ്റോർണി ജനറലായും ബിൽ ക്ലിന്‍റൺ പ്രസിഡന്‍റായിരുന്നപ്പോൾ ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.