ആധുനിക കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് കൊണ്ടു പോയ സംഘത്തിൽ നിന്ന് കാണാതായ, കണ്ണൂർ ജില്ലയിലെ ഇരുട്ടി സ്വദേശിയായ ബിജു കുര്യൻ നാളെ കേരളത്തിൽ തിരിച്ചെത്തും. ഞായറാഴ്ച ഉച്ചക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആധുനിക കാർഷിക രീതികൾ പഠിക്കുന്നതിനായി കേരളത്തിൽനിന്ന് ഇസ്രായേലിലെത്തിയ സംഘത്തിൽനിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്.
സംഘം വിട്ടതിന് ശേഷമുള്ള ആദ്യ ദിവസം, അദ്ദേഹം ജറുസലേം സന്ദർശിച്ചു, അടുത്ത ദിവസം ബെത്‌ലഹേമിലേക്ക് പോയി. ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം കർഷക സംഘത്തിൽ തിരികെ ചേരാനും സംസ്ഥാനത്തേക്ക് മടങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ, കൃഷി പഠിക്കാനെത്തിയ സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.
ഇതിനിടെ, തന്നെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ പ്രയാസത്തിൽ കുര്യൻ അസ്വസ്ഥനാണ്. പ്രയാസമുണ്ടായതിൽ സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് ഉൾപ്പെടെയുള്ളവരോട് ക്ഷമ ചോദിച്ചതായാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.