ജറൂസലം: ഗസ്സ അതിർത്തിയോടു ചേർന്ന ഇസ്രായേൽ കർഷകഗ്രാമമായ കഫാർ അസക്കിപ്പോൾ മരണത്തിന്റെ ഗന്ധമാണ്. ഗസ്സ കടന്നെത്തിയ ഹമാസ് സംഘത്തിന്റെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ പ്രദേശങ്ങളിലൊന്നാണിത്. 70ഓളം പേരടങ്ങുന്ന ഹമാസ് സംഘമാണ് ഗ്രാമത്തിലേക്ക് ശനിയാഴ്ച പുലർച്ച ഇരച്ചുകയറിയത്. ഗ്രാമത്തിൽ സുരക്ഷാസംഘവും ഒളിച്ചിരിക്കാൻ വീടുകൾക്ക് സുരക്ഷിത കേന്ദ്രങ്ങളും വരെ ഉണ്ടെങ്കിലും പെട്ടെന്നുള്ള ആക്രമണത്തെ ചെറുക്കാനായില്ല.
വാഹനങ്ങളും വീടുകളുമടക്കം ആക്രമണത്തിൽ തകർന്നു. മണിക്കൂറുകളെടുത്താണ് ഇസ്രായേൽ സേന ഹമാസിനെ ചെറുക്കാൻ ഗ്രാമത്തിലെത്തിയത്. നഹൽ ഓസ് അടക്കം സമീപ ഗ്രാമങ്ങളിലും കനത്ത ആക്രമണമാണ് ഹമാസ് അഴിച്ചുവിട്ടത്. കഫാർ അസയിലെ ദൃശ്യങ്ങൾ കാണിക്കാൻ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടർമാരെ ഇസ്രായേൽ സൈനിക അകമ്പടിയിൽ എത്തിച്ചിരുന്നു.
ജറൂസലം: ഗസ്സയിലെ പൗരന്മാർക്ക് സുരക്ഷ ഇടനാഴി ഒരുക്കാൻ ഇസ്രായേലുമായും ഈജിപ്തുമായും ചർച്ച നടത്തുന്നുണ്ടെന്ന് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞു. അതേസമയം, യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രായേലിലെത്തും. ഇദ്ദേഹം ജോർഡനും സന്ദർശിക്കും. ഇസ്രായേലിൽ അടിയന്തര ഐക്യ സർക്കാറുണ്ടാക്കാൻ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിപക്ഷനേതാവായ ബെന്നി ഗാന്റ്സും നടന്ന ചർച്ചയിൽ ധാരണയായി.
ഫലസ്തീനികൾക്ക് സ്വതന്ത്രവും പരമാധികാരവുമുള്ള രാജ്യമുണ്ടായാൽ മാത്രമെ മേഖലയിൽ സുരക്ഷിതത്വവും സ്ഥിരതയുമുണ്ടാകൂവെന്ന് ജോർഡനിലെ അബ്ദുല്ല രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.