യു.എസിന്‍റെ അഭ്യർഥന അംഗീകരിച്ചു; അഫ്ഗാൻ അഭയാർഥികൾക്ക് താൽക്കാലിക താവളമൊരുക്കാൻ അൽബേനിയയും കൊസോവയും

തിരാന (അൽബേനിയ): താലിബാൻ കീഴടക്കിയ അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് താൽക്കാലിക അഭയമൊരുക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങളായ അൽബേനിയയും കൊസോവോ‍യും. യു.എസിന്‍റെ അഭ്യർഥന പരിഗണിച്ചാണ് താൽക്കാലിക അഭയം നൽകുന്നതെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി.

യു.എസ് ലക്ഷ്യകേന്ദ്രമാക്കിയെത്തുന്ന അഫ്ഗാൻ അഭയാർഥികൾക്ക് നാറ്റോ സഖ്യത്തിലെ അംഗമെന്ന നിലക്ക് താൽക്കാലിക താവളമൊരുക്കാമോയെന്ന് യു.എസ് അധികൃതർ അഭ്യർഥിച്ചിരുന്നുവെന്ന് അൽബേനിയ പ്രധാനമന്ത്രി എഡി രാമ പറഞ്ഞു. തങ്ങളുടെ ഏറ്റവും പ്രധാന സഖ്യകക്ഷി ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുമ്പോൾ ഒരിക്കലും എതിരുപറയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അഫ്ഗാൻ അഭയാർഥികൾക്ക് താൽക്കാലിക അഭയം നൽകുന്നത് സംബന്ധിച്ച് ജൂലൈ പകുതിയോടെ തന്നെ യു.എസ് അധികൃതർ തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കൊസോവോ പ്രസിഡന്‍റ് ജോസ ഒസ്മാനി പറഞ്ഞു. തികച്ചും മാനുഷികമായ ഈയൊരു നീക്കത്തിന് ഉപാധികളില്ലാതെ അനുമതി നൽകിയതായും അവർ വ്യക്തമാക്കി.

തലസ്ഥാനമായ കാബൂൾ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്‍റെ നിയന്ത്രണത്തിലായിരിക്കുകയാണ്. ആയിരങ്ങളാണ് സുരക്ഷിത കേന്ദ്രങ്ങൾ തേടി പലായനം തുടരുന്നത്. പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ. രണ്ട് പതിറ്റാണ്ട് നീണ്ട തങ്ങളുടെ സൈനിക നടപടി കാലത്ത് പിന്തുണ നൽകിയ അഫ്ഗാൻ പൗരന്മാരെ യു.എസ് നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. 

Tags:    
News Summary - Kosovo, Albania to temporarily host Afghan refugees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.