പൊതുമധ്യത്തിൽ മുഖം രക്ഷിക്കാൻ ഇസ്രായേലിന്റെ 'ദി പ്രോജക്റ്റ് 10/7'

ഗസ്സയിലെ ഇസ്രായേൽ ക്രൂരതകളുടെ വിഡിയോകളും ചിത്രങ്ങളുമെല്ലാം ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. ലോകമെമ്പാടും ഫലസ്തീന് ലഭിക്കുന്ന പിന്തുണയും ഇത് കൊണ്ടാണ്. എന്നാൽ ഇത് ഇസ്രായേലിനെ തെല്ലൊന്നുമല്ല ആശങ്കയിലാക്കിയിട്ടുള്ളത്. ലോകത്തിനുമുന്നിൽ ഇസ്രായേലിന്റെ യഥാർഥമുഖം വ്യക്തമാക്കുന്ന ഇത്തരം ദൃശ്യങ്ങളെ വ്യാജമാണെന്ന തരത്തിൽ പ്രചരിപ്പിക്കാൻ പഠിച്ചപണി അത്രയും പയറ്റുന്നുണ്ട് ഇസ്രായേൽ.

Full View

പ്രതികൂല നിലപാടുകളെ അനുകൂലമാക്കുന്നതിനായി മാധ്യമ കവറേജുകളെ സ്വാധീനിക്കുന്നതിനും ഇസ്രായേൽ അനുകൂല വാദം ഉയർത്താനുമായി അഞ്ച് ഇസ്രായേൽ അനുകൂല യുഎസ് സംഘടനകൾ ചേർന്ന് ആരംഭിച്ച പ്രോജക്ടാണ് 'ദി പ്രോജക്റ്റ് 10/7' .

പ്രോജക്ട് 10/7 നു പുറകിൽ യു.എസിലെ ഏറ്റവും പ്രബലമായ ജൂത സംഘടനകളായ അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി, അമേരിക്കൻ ജ്യൂയിഷ് കമ്മിറ്റി, ദ ജ്യൂയിഷ് ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക, ദ ആന്റി ഡിഫമേഷൻ ലീഗ്, കോൺഫറൻസ് ഓഫ് പ്രെസിഡന്റ്സ് ഓഫ് മേജർ അമേരിക്കൻ ജ്യൂയിഷ് ഓർഗനൈസേഷൻസ് എന്നിവയാണെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ സ്വന്തം പക്ഷത്തുനിന്ന് അവതരിപ്പിക്കുക, ഗസ്സ അനുകൂല സാഹചര്യത്തിൽ നിന്നും ഇസ്രായേൽ അനുകൂല നിലപാടുകളിലേക്ക് വ്യതിചലിക്കും വിധത്തിലുള്ള വിവരങ്ങൾ ജനങ്ങളിലെത്തിക്കുക. ഇസ്രായേൽ പക്ഷത്തെ ന്യായീകരിക്കുന്ന വിവരങ്ങൾ നൽകി മാധ്യമങ്ങളെ സ്വാധീനിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകവ്യാപകമായി ഇസ്രായേലിനെതിരെ പ്രതിഷേധം ഉയരുകയും ഫലസ്തീൻ അനുകൂല നിലപാട് ഉയരുകയും ചെയ്യുമ്പോൾ പൊതുജനമധ്യത്തിൽ മുഖം രക്ഷിക്കാനുള്ള ഇസ്രായേൽ നീക്കമായാണ് ഈ പദ്ധതിയെ കാണുന്നത്.

ഇസ്രായേൽ വിരുദ്ധനിലപാടുള്ള ഹമാസിന്റെ കുടില തന്ത്രങ്ങളാണ് ഈ ദൃശ്യങ്ങൾക്ക് പിന്നിൽ എന്നാണ് ഇസ്രായേൽ അനുകൂലികൾ ഉയർത്തുന്ന വാദം. ആ വാദം തന്നെയാണ് പ്രോജക്ട് 10/7 ഉം ഉയർത്തുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട വിദഗ്ധ നിരീക്ഷണം എന്ന പേരിൽ ന്യൂസ് ലെറ്ററുകളും റിപ്പോർട്ടുകളും ഇസ്രായേൽ അനുകൂല കാഴ്ചപാടിൽ പുറത്തുവിട്ടു കൊണ്ട് യാഥാർത്ഥ്യത്തെ തിരുത്തി എഴുതാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്.

ഒക്‌ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങൾ എടുത്തുകാണിക്കുകയും യുദ്ധത്തെക്കുറിച്ചുള്ള ഇസ്രായേലിന്റെ വീക്ഷണം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് പദ്ധതിയുടെ വെബ്‌സൈറ്റ് തന്നെ പറയുന്നുണ്ട്. എന്നാൽ ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തി വരുന്ന ആക്രമണത്തിൽ 20,000ലധികം ഫലസ്തീനികൾ മരിച്ചതിനെക്കുറിച്ച് നിശബ്ദത തുടരുന്നുമുണ്ട് ഇവർ. അതേസമയം ഈ പേരിലുമുണ്ട് യു.എസുമായി ചില സാമ്യത. അതായത് 10/7 എന്നത് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ സൂചിപ്പിച്ച് ഉപയോഗിക്കുന്ന 9/11 എന്നതിന്റെ ചുവടുപിടിച്ചുണ്ടായതാണ് എന്നാണ് വിദഗ്ധർ പറയുന്നത്.

Tags:    
News Summary - Leading U.S. Jewish Organizations Launched 'The 10/7 Project'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.