ഇസ്‍ലാമാബാദ്: രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഇന്ത്യയെ പ്രശംസിച്ച പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പരിഹസിച്ച് പാകിസ്താൻ മുസ്ലിം ലീഗ് -എൻ നേതാവ് മറിയം നവാസ്. പാകിസ്താൻ ഉപേക്ഷിച്ച് ഇംറാനോട് ഇന്ത്യയിലേക്ക് പോകാൻ അവർ ആവശ്യപ്പെട്ടു.
പാകിസ്താൻ ഇന്ത്യയിൽനിന്ന് ആത്മാഭിമാനം പഠിക്കണമെന്നും വൻശക്തി രാജ്യങ്ങൾ അവരുടെ വിദേശനയത്തിൽ ഇടപെടില്ലെന്നും ഇംറാൻ പറഞ്ഞിരുന്നു. അവിശ്വാസ പ്രമേയം നേരിടുന്നതിനു മുമ്പായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇന്ത്യയെ പ്രശംസിച്ചത്. ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ പാകിസ്താനിലെ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിൽ പോയി ജീവിക്കൂ -മറിയം പറഞ്ഞു.
അധികാരം നഷ്ടപ്പെടുന്നതിൽ ഭ്രാന്ത് പിടിക്കുന്ന ഒരാളോട്, മറ്റാരുമല്ല സ്വന്തം പാർട്ടിയാണ് പുറത്താക്കിയതെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഇന്ത്യയോട് അത്രക്ക് ഇഷ്ടമുണ്ടെങ്കിൽ അവിടെ പോയി ജീവിക്കണമെന്നും മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ മകൾ കൂടിയായ മറിയം പറഞ്ഞു.
ഇന്ത്യയെ പ്രശംസിക്കുന്നവർ, അവിടെ വിവിധ പ്രധാനമന്ത്രിമാർക്കെതിരെ 27 തവണ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നുവെന്ന കാര്യം അറിയണം. പക്ഷേ, ഒരാൾപോലും ഭരണഘടനക്കും ജനാധിപത്യത്തിനും ധാർമികതക്കും എതിരായി ഒന്നും കളിച്ചിട്ടില്ല. വാജ്പേയിക്ക് ഒരു വോട്ടിനാണ് അധികാരം നഷ്ടമായത്, പിന്നാലെ അദ്ദേഹം വീട്ടിലേക്ക് പോയി. അദ്ദേഹം നിങ്ങളെപ്പോലെ രാജ്യത്തെയും ഭരണഘടനയെയും രാഷ്ട്രത്തെയും ബന്ദികളാക്കിയിട്ടില്ലെന്നും ട്വിറ്ററിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.