വാഷിങ്ടൻ: അമേരിക്കയിലെ മേയർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ ജയിപ്പിക്കാൻ കേരളത്തിൽ നിന്ന് പോകുന്ന ജഗന്‍റെ കഥയായിരുന്നു മോഹൻലാൽ നായകനായി 2014ൽ പുറത്തിറങ്ങിയ 'പെരുച്ചാഴി'യുടേത്. പക്ഷേ, തിരശ്ശീലയിലെ ജഗനേക്കാൾ ജഗജില്ലിയായ ഒരു മലയാളിയുണ്ട് അമേരിക്കയിൽ. പത്തനംതിട്ട തിരുവല്ലയിൽ വേരുകളുള്ള മജു വർഗീസ്. രണ്ട് അമേരിക്കൻ പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ ഈ മലയാളിയുടെ പ്രയത്നമുണ്ട്. ബറാക് ഒബാമയുടെയും ജോ ബൈഡന്‍റെയും.
നിയുക്ത യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് മജുവായിരുന്നു. ബൈഡന്‍റെ പ്രചാരണസംഘത്തിന്‍റെ ചീഫ് ഓപറേറ്റിങ് ഓഫിസറും മുതിർന്ന ഉപദേശകനും ആയിരുന്നു. ഇപ്പോൾ പുതിയ യു.എസ് പ്രസിഡന്‍റായി ജോ ബൈഡനും വൈസ് പ്രസിഡന്‍റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന്‍റെ നാലംഗ നടത്തിപ്പു സമിതിയിലും മജു ഉൾപ്പെട്ടിട്ടുണ്ട്. ജനുവരി 20നു നടക്കുന്ന ചടങ്ങിന്‍റെ സംഘാടനം നിർവഹിക്കുന്ന പ്രസിഡൻഷ്യൽ ഇനാഗുറൽ കമ്മിറ്റിയുടെ (പി.ഐ.സി) എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഈ 43കാരൻ.
ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയിൽ റിസർച്ച് അസോഷ്യേറ്റായിരുന്നപ്പോൾ ബറാക് ഒബാമയുടെതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃസ്ഥാനത്തും മജു ഉണ്ടായിരുന്നു. ഡപ്യൂട്ടി ഡയറക്ടർ ഓഫ് അഡ്വാൻസ് എന്ന നിലയിൽ ഒബാമയെ ദൈനംദിന ഭരണനിർവഹണത്തിലും മാനേജ്മെന്റിലും സഹായിച്ച് ആറുവർഷത്തോളം വൈറ്റ്ഹൗസിൽ സേവനമനുഷ്ഠിച്ചിരുന്നു.
1972ലാണ് കുറച്ച് പണവും കുന്നോളം സ്വപ്നങ്ങളുമായി തിരുവല്ലയിൽ നിന്ന് മജുവിന്‍റെ മാതാവ് സരോജ അമേരിക്കയിൽ നഴ്സായി എത്തുന്നത്. സരോജയുടെ ഭർത്താവ് മാത്യുവും ആറുവയസ്സുള്ള മകൾ മഞ്ജുവും പിന്നാലെയെത്തി. ന്യൂയോർക്കിലായിരുന്നു മജുവിന്‍റെ ജനനം. ടാക്സി ഡ്രൈവറായും സെക്യുരിറ്റി ഗാർഡായുമൊക്കെ ജോലി ചെയ്താണ് മാത്യു അമേരിക്കയിൽ ജീവിതം കെട്ടിപ്പടുത്തത്. ന്യൂയോർക്ക് ഹോസ്പിറ്റൽ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിൽനിന്നും വിരമിച്ച ശേഷമാണ് മരിച്ചത്.
'ടാക്സി ഡ്രൈവർമാരുടെ ജോലി അപകടം നിറഞ്ഞ കാലമായിരുന്നു അത്. അവരെ അപായപ്പെടുത്തി കാറും പണവുമായി മോഷ്ടാക്കൾ കടന്നുകളയുന്ന സംഭവങ്ങൾ പതിവായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് എന്‍റെ പിതാവ് രാത്രി വളരെ വൈകി വരെ ഈ ജോലി ചെയ്തത്. കുറച്ചുനാൾ മുമ്പ് ഞാൻ വാഷിങ്ടണിലൂടെ കാറോടിച്ച് പോകുേമ്പാൾ ട്രാഫിക് സിഗ്നലിൽ വെച്ച് ഒരു ഇന്ത്യൻ ടാക്സി ഡ്രൈവറെ കണ്ടു. റെഡ് സിഗ്നലിൽ കിടക്കുന്ന ആ സമയത്ത് ചോറ്റുപാത്രം തുറന്ന് അത്താഴം കഴിക്കുകയായിരുന്നു അയാൾ. അതെന്റെ പിതാവിനെ ഓർമിപ്പിക്കുന്ന ദൃശ്യമായിരുന്നു'- ഒരിക്കൽ മജു പറഞ്ഞു.
ഇപ്പോൾ വിദേശികൾക്കൊപ്പം ഉന്നതസ്ഥാനം അലങ്കരിക്കുേമ്പാഴും പണ്ട് വെള്ളക്കാരിൽ നിന്ന് തന്‍റെ കുടുംബം സഹിക്കേണ്ടി വന്ന അപമാനങ്ങളുടെ കഥകൾ മജു ഓർത്തെടുക്കുന്നതിങ്ങനെ- 'എന്‍റെ സഹോദരി മഞ്ജു പലപ്പോഴും സ്കൂളിൽ നിന്ന് കരഞ്ഞാണ് വരാറ്. അവളുടെ ഇംഗ്ലീഷിനെയും പേരിനെയും നിറത്തെയും ഉടുപ്പിനെയുമെല്ലാം വെള്ളക്കാരായ സഹപാഠികൾ കളിയാക്കുന്നതിനാലായിരുന്നു അത്'- മജു പറയുന്നു. ഈ അവഗണനയെയും കഷ്ടപ്പാടുകളെയും അതിജയിച്ച് നേടിയ ജീവിതവിജയമാണ് മജുവിേന്റത്.
മാസച്യുസിറ്റ്സ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസും ഇക്കണോമിക്സും പഠിച്ച മജു ന്യൂയോർക്കിലെ ഹോഫ്സ്ട്ര സർവകലാശാലയിൽ നിന്നാണ് നിയമബിരുദമെടുത്തത്. അതിന് ശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. 2000ൽ അൽ ഗോർ ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായപ്പോൾ, അദ്ദേഹത്തിന്‍റെ പ്രചാരണ സംഘത്തിലായിരുന്നു ആദ്യത്തെ പ്രധാന നിയമനം. നാഷ്വില്ലെയിലും ടെന്നീസിയിലുമായിരുന്നു പ്രവർത്തനം. ഗോറിനുവേണ്ടി പ്രവർത്തിക്കുേമ്പാൾ പ്രചാരണസംഘത്തിലുണ്ടായിരുന്ന ജൂലിയെ പിന്നീട് ജീവിതസഖിയാക്കി. ഇവർക്ക് ഒരു മകനുണ്ട്; 14കാരനായ ഇവാൻ.
ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയിൽ റിസർച്ച് അസോഷ്യേറ്റായ ശേഷമാണ് 2008ൽ ഒബാമയുടെ വിശ്വസ്തരിൽ ഒരാളായത്. 2010ൽ ഒബാമയെ ഭരണനിർവഹണത്തിൽ സഹായിക്കാനുള്ള ദൗത്യം ലഭിക്കുന്നത്. അതിനുമുമ്പ് ന്യൂയോർക്കിലെ നിയമസ്ഥാപനമായ വേഡ് ക്ലർക്ക് മുൽകാഹി എൽ.എൽ.പിയിൽ അസോഷിയേറ്റ് ആയിരുന്നു. വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷം നിയമസ്ഥാപനമായ ഡെന്‍റൺസിന്‍റെ മുതിർന്ന ഉപദേശകനായി. പിന്നീട് ഹബ്പ്രോജക്ടിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസറായി. 2019ലാണ് ബൈഡന്‍റെ ടീമിൽ അംഗമാകുന്നത്.
'ഒബാമ ഒരു സവിശേഷ വ്യക്തിത്വത്തിന് ഉടമായായിരുന്നു. എല്ലാ ദിവസവും ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. ഇന്ത്യക്കാരോട് പ്രത്യേക ഇഷ്ടവുമായിരുന്നു. ബൈഡനും ഇതേ പ്രത്യേകതകളുണ്ട്.' - രണ്ട് നേതാക്കളെ കുറിച്ചും മജുവിന് പറയാനേറെയുണ്ട്.
അമേരിക്കൻ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരിയായ എഴുത്തുകാരിയാണ് മജുവിന്‍റെ മാതാവ് സരോജ വർഗീസ്. ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റി പ്രിസ്ബിറ്റേറിയൻ ഹോസ്പിറ്റലിലും ലോങ് ഐലൻഡ് ജ്യൂയിഷ് ഹോസ്പിറ്റിലിലും വർഷങ്ങളോളം നഴ്സായി ജോലി നോക്കിയിരുന്ന സരോജ 2002ൽ വിരമിച്ച ശേഷമാണ് എഴുത്തിൽ സജീവമായത്. യാത്രാവിവരണങ്ങൾ, ഓർമക്കുറിപ്പുകൾ, ആത്മകഥ എന്നിവയെല്ലാം സരോജ എഴുതിയിട്ടുണ്ട്.
ഭർത്താവ് മരിച്ച ശേഷം എഴുതിയ 'പ്രിയ ജോ, നിനക്കായ് ഈ വരികൾ' എന്ന പുസ്തകം അമേരിക്കയിലെ മലയാള സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. സരോജയുടെ ആത്മകഥയും ഏറെ ശ്രദ്ധേയമായിരുന്നു. അരനൂറ്റാണ്ട് മുമ്പ് അമേരിക്കയെന്ന സ്വപ്നഭൂമികയിലേക്കു കാലെടുത്തു വച്ച ഒരു നഴ്സിന്‍റെയും ഭാര്യയുടെയും അമ്മയുടെയുമെല്ലാം കഥ അതിൽ വായിക്കാം.
രണ്ടു യാത്രാവിവരണങ്ങളും ആത്മകഥയും തീരം കാണാത്ത തിര, പൊലിയാത്ത പൊൻവിളക്ക്, സഹൃദയ രേഖകൾ, മുത്തശ്ശിക്കഥകൾ, സഞ്ചാരം- സാഹിത്യം-സന്ദേശം എന്നീ അഞ്ചു സമാഹാരങ്ങളുമാണ് സരോജയുടെ പ്രധാന രചനകൾ. തിരുവല്ല പുതുപ്പറമ്പിൽ ബിസിനസുകാരനായിരുന്ന വർക്കി വർഗീസിന്‍റെയും അധ്യാപികയായിരുന്ന തങ്കമ്മ വർഗീസിന്‍റെയും മൂത്ത മകളാണ് സരോജ.
തിരുവല്ല ഗവൺമെന്‍റ് ഗേൾസ് ഹൈസ്‌കൂളിൽനിന്ന് എസ്.എസ്.എൽ.സി പാസായ ശേഷം രണ്ട് വർഷം ഹിന്ദി വിദ്വാൻ പഠിച്ച സരോജ ആന്ധ്രയിലെ ഗുണ്ടുർ കുഗ്ലർ ഹോസ്പിറ്റലിൽ നിന്നാണ് നഴ്സിങ് പാസായത്. ഇന്ത്യൻ വ്യോമസേനയിൽ നഴ്സായി മൂന്നു വർഷം ജോലി ചെയ്തിട്ടുണ്ട്. മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി ഓടി നടന്ന ദിവസങ്ങൾ തന്‍റെ ജീവിത്തെക്കുറിച്ചുള്ള കാഴ്ചപ്പാടു തന്നെ മാറ്റിമറിച്ചെന്ന് അവർ പറയാറുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ പല ആശുപത്രികളിലും സേവനമനുഷ്ഠിച്ചതിനു ശേഷം 1972 ലാണ് അമേരിക്കയിലേക്ക് വരുന്നത്. ഇപ്പോൾ മകൾ മഞ്ജുവിനും കുടുംബത്തിനുമൊപ്പം ഫ്ലോറിഡയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.