യുവാവിന്റെ കഴുത്ത് വരിഞ്ഞുമുറു​ക്കിയ പെരുമ്പാമ്പിനെ പൊലീസ് വെടിവെച്ചുകൊന്നശേഷം ദേഹത്തുനിന്ന് വേർപെടുത്തിയപ്പോൾ

പത്തുവയസ്സുമുതൽ പാമ്പുകൾക്കൊപ്പം, ഒടുവിൽ ഭീമൻ പെരുമ്പാമ്പ് കഴുത്തുവരിഞ്ഞുമുറുക്കി മരണം...

ന്യൂയോർക്ക്: പത്താം വയസ്സുമുതൽ പാമ്പുകൾക്കൊപ്പം കളിച്ചു വളർന്നവനായിരുന്നു എലിയറ്റ് സെൻസ്മാൻ. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വർഷങ്ങൾകൊണ്ട് ഏറെ വൈദഗ്ധ്യവും നേടി. പക്ഷേ, ഒടുവിൽ ആ 27കാരനെത്തേടി മരണമെത്തിയതും പാമ്പിന്റെ രൂപത്തിൽ. പെൻസിൽവാനിയയിലെ വീട്ടിൽ വളർത്തിയ 18 അടി നീളമുള്ള പെരുമ്പാമ്പ് കഴുത്തിൽ ചുറ്റി വരിഞ്ഞതിനെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം എലിയറ്റിന്റെ അന്ത്യം.

പാമ്പു​കളോട് എലിയറ്റ് ചെറുപ്പം മുതൽ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടമകൾ പോറ്റാൻ കഴിയാതെ ഉപേക്ഷിക്കുന്ന നിരവധി പാമ്പുകളെ സംരക്ഷിക്കാനുള്ള പദ്ധതി ആറു വർഷം മുമ്പ് എലിയറ്റ് ആരംഭിച്ചിരുന്നു. അത്തരം പാമ്പുകളെ എടുത്തുകൊണ്ടുവന്ന് അവയുടെ സ്വഭാവത്തിനും ആവാസ രീതികൾക്കും അനുയോജ്യമായ സൗകര്യങ്ങളൊരുക്കി സംരക്ഷിക്കുകയായിരുന്നു.

മൂന്നു പാമ്പുകളെ അപകട സമയത്ത് എലിയറ്റിന്റെ വീട്ടിൽ വളർത്തുന്നുണ്ടായിരുന്നു. മൂന്നു പാമ്പുകളിൽ ആക്രമണ സ്വഭാവം കൂടുതലുള്ള പാമ്പാണ് എലിയറ്റിന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കിയത്. പെരുമ്പാമ്പ് വർഗത്തിൽപെട്ട ബോവ കോൺസ്ട്രിക്ടർ എന്ന പാമ്പാണ് ഇയാളെ മരണത്തിലേക്ക് തള്ളിവിട്ടത്. പാമ്പ് കഴുത്തിൽ ചുറ്റി വരിഞ്ഞതോടെ ഗുരുതരാവസ്ഥയിൽ ഇയാ​ളെ ആ​ശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുത്തശ്ശിയാണ് പാമ്പ് ചുറ്റിവരിഞ്ഞ നിലയിൽ എലിയറ്റിനെ കണ്ടത്. ഇവർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ കഴുത്തിൽ ഭീമാകാരനായ പാമ്പ് വരിഞ്ഞുമുറുക്കിയ നിലയിൽ ചലനമറ്റുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന് വിദഗ്ധമായി പാമ്പിന്റെ തലയിൽ വെടിവെച്ചു കൊന്നശേഷം യുവാവിന്റെ ദേഹത്തുനിന്ന് വേർപെടുത്തുകയായിരുന്നു. എലിയറ്റിനെ ഉടൻ ആ​ശുപത്രിയിലേക്ക് മാറ്റി. നാലു ദിവസം ഗുരുതരാവസ്ഥയിൽ അപ്പർ മകുംഗീ ടൗൺഷിപ്പിലെ ലെഹൈ വാലി ഹോസ്പിറ്റലിൽ മരണ​ത്തോട് മല്ലടിച്ചശേഷമാണ് എലിയറ്റ് മരിച്ചത്.

Tags:    
News Summary - Man Strangled by 18ft Pet Boa Constrictor Dies After Police Shot Snake Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.