യാത്രക്കാരൻ ടാക്സിയിൽ ഇരുന്ന് ഉറങ്ങി​പ്പോയി; ഉണർന്നപ്പോൾ 26,000 രൂപ വാടക നൽകണമെന്ന് ഡ്രൈവർ

ടാക്സി കാറിൽ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോകുന്നത് നമ്മിൽ പലർക്കും പതിവാണ്, പ്രത്യേകിച്ചും നീണ്ട വിമാന യാത്രയോ മറ്റോ ചെയ്തതിശേഷം വരുമ്പോൾ. ഓസ്ട്രേലിയയിലെ മെൽബണിലും ഒരു യുവാവിന് ഇതാണ് സംഭവിച്ചത്. ഒരു ടാക്സി യാത്രയ്ക്കിടെ ഉറങ്ങി എഴുന്നേറ്റ മെൽബൺ സ്വദേശിയായ യാത്രക്കാരനോട് ടാക്സി ഡ്രൈവർ വാടകയായി ആവശ്യപ്പെട്ടത് 468 ഓസ്ട്രേലിയൻ ഡോളർ അഥവാ 26,600 ഇന്ത്യൻ രൂപയാണ്.

രാത്രി വൈകി മെൽബൺ എയർപോർട്ടിൽ നിന്ന് ബെർവിക്കിലെ വീട്ടിലേക്ക് പോകാൻ ടാക്സി പിടിച്ച റയാൻ എന്നയാളാണ് ടാക്സി ഡ്രൈവർ വാടകയായി ആവശ്യപ്പെട്ട ഭീമൻ തുക കേട്ട് അമ്പരന്നത്. തന്റെ വിമാനം വൈകിയതിനെ തുടർന്നാണ് രാത്രി ഏറെ വൈകി ഇദ്ദേഹം എയർപോർട്ടിൽ എത്തിയത്. അവിടന്ന് വീട്ടിലേക്ക് പോകാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാത്തതിനാൽ ടാക്സി പിടിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയിരുന്നതിനാൽ ടാക്സിയിൽ കയറിയതും റയാൻ ഉറങ്ങിപ്പോയി.

ഉറക്കം ഉണർന്നപ്പോഴാണ് ടാക്സി ഡ്രൈവർ വാടകയായി ഇത്രയും വലിയൊരു തുക ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. 75 കിലോമീറ്റർ ആയിരുന്നു എയർപോർട്ടിൽ നിന്ന് റയാന്റെ വീട്ടിലേക്കുള്ള ദൂരം. അതുകൊണ്ടുതന്നെ ഡ്രൈവർ ആവശ്യപ്പെട്ട തുക തീർത്തും അന്യായമാണെന്നും ആ തുക നൽകാൻ കഴിയില്ല എന്നും റയാൻ പറഞ്ഞു. അതിന് ഡ്രൈവർ നൽകിയ വിശദീകരണം മീറ്ററിൽ കണ്ട തുക എത്രയാണോ അതുമാത്രമാണ് താൻ പറഞ്ഞതെന്നും താൻ ഒരു പുതിയ ഡ്രൈവർ ആണെന്നും ആയിരുന്നു. കൂടാതെ യാത്രക്കിടയിൽ നിരവധി സ്ഥലങ്ങളിൽ താൻ ടോളുകൾ നൽകി എന്നും ഡ്രൈവർ അവകാശപ്പെട്ടു.

ഏതായാലും ഒടുവിൽ ഡ്രൈവർ ആവശ്യപ്പെട്ട തുക തന്നെ തനിക്ക് നൽകേണ്ടി വന്നു എന്നാണ് റയാൻ മാധ്യമങ്ങളോട് പറഞ്ഞത്. ഈ റൂട്ടിലെ സാധാരണ ടാക്സി നിരക്ക് 160 മുതൽ 170 ഡോളർ വരെയാണ് എന്നും റയാൻ പറയുന്നു.

Tags:    
News Summary - Man Falls Asleep In Taxi, Wakes Up To Driver Demanding Rs 26,000 Fare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.