ക്വാറൻറീൻ ലംഘിച്ച് പുറത്തിറങ്ങുന്ന വിരുതൻമാർ പിടിയിലാകുന്ന വാർത്തകൾ നാം വായിക്കാറുണ്ട്. പലർക്കും തക്കതായ ശിക്ഷയും അധികൃതർ നൽകും. എന്നാൽ വെറും എട്ട് സെക്കൻഡ് സമയത്തേക്ക് ക്വാറൻറീൻ ലംഘിച്ച് റൂമിന് പുറത്തിറങ്ങിയതിന് ലഭിച്ച പിഴ സംഖ്യ കേട്ട് തലയിൽ കൈവെച്ച് പോയിരിക്കുകയാണ് ഫിലിപ്പീൻസ് യുവാവ്.
തായ്വാൻ സർക്കാറാണ് ഫിലിപ്പീൻസിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിക്ക് കനത്ത പിഴ ശിക്ഷ വിധിച്ചത്. ദക്ഷിണ തായ്വാനിലെ നഗരമായ കോഹ്സ്യുങ് സിറ്റിയിലെ ഹോട്ടലിലായിരുന്നു ഇയാളെ ക്വാറൻറീനിൽ പാർപ്പിച്ചിരുന്നത്.
ഇയാൾ ഹോട്ടൽ മുറിയിൽ നിന്നും വെളിയിൽ കടക്കുന്നത് സി.സി.ടി.വി കാമറയിൽ കണ്ട ഹോട്ടൽ ജീവനക്കാരനാണ് ആേരാഗ്യ വകുപ്പിനെ വിവരമറിയിച്ചത്. തൊട്ട് പിന്നാലെ ഹോട്ടലിലെത്തിയ അധികൃതർ ലക്ഷം തായ്വാൻ ഡോളർ (ഏകദേശം 2,58,329 രൂപ) പിഴ വിധിക്കുകയായിരുന്നു.
ക്വാറൻറീൻ നിയമം കർശനമായി നടപ്പാക്കുന്ന രാജ്യമാണ് തായ്വാൻ. റൂം വിട്ട് പുറത്തിറങ്ങാൻ പോലും അവർ അനുവദിക്കുന്നില്ല. നിയമം ലംഘിക്കുന്നവരെ കനത്ത പിഴയാണ് കാത്തിരിക്കുന്നത്. കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ വിജയിച്ച തായ്വാൻ ഭരണകൂടം ലോക ജനതയുടെ കൈയ്യടി നേടിയിരുന്നു. മുമ്പ് സാർസ് പൊട്ടിപ്പുറപ്പെട്ട വേളയിലെ അനുഭവത്തിൻെറ വെളിച്ചത്തിൽ മികച്ച മുന്നൊരുക്കം നടത്തിയാണ് തായ്വാൻ രോഗബാധ നിയന്ത്രണ വിധേയമാക്കിയത്. നേരത്തെ തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചത് വഴിയും ക്വാറൻറീൻ, മാസ്ക് എന്നിവ നിർബന്ധമാക്കിയുമാണ് തായ്വാൻ രോഗത്തെ ചെറുത്തത്.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 716 കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2.4 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഏഴുപേർ മാത്രമാണ് രോഗം ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.