വെസ്റ്റ് മിഡ്ലാൻഡ്: വർഷം 1964. ഡേവിഡ് ഹിക്ക്മാൻ എന്ന 17കാരൻ 'ദി ലോ ഫോർ മോട്ടോറിസ്റ്റ്സ്' എന്ന പുസ്തകം ലൈബ്രറിയിൽ നിന്ന് വായിക്കാനെടുത്തതായിരുന്നു. വായിച്ച് കഴിഞ്ഞപ്പോൾ തിരികെ കൊടുക്കാൻ മറന്നു. ഇടക്ക് ഓർമ വന്നെങ്കിലും കൊടുക്കാൻ പറ്റിയില്ല. ഒടുവിൽ പുസ്തകവുമായി ലൈബ്രറിയിൽ തിരികെ എത്തുമ്പോൾ അദ്ദേഹത്തിന് വയസ്സ് 76. അതായത്, വൈകിയത് 58 വർഷം!!.
ഇംഗ്ലണ്ടിലെ ഡഡ്ലി നഗരത്തിലെ പബ്ലിക് ലൈബ്രറിയിലാണ് സംഭവം. പുസ്തകം തിരിച്ചുകൊടുക്കാൻ വൈകിയാൽ ദിനേന 20 പെൻസ് ആണ് പിഴ. അതുപ്രകാരം ഡേവിഡ് അടക്കേണ്ടത് 42,340 പൗണ്ട് (ഏതാണ്ട് 42.47 ലക്ഷം ഇന്ത്യൻ രൂപ) ആയിരുന്നു. എന്നാൽ, അദ്ദേഹം പുസ്തകം എടുക്കാനുള്ള സാഹചര്യവും വൈകാനിടയാക്കിയ സംഭവവും കേട്ട ലൈബ്രറി അധികൃതർ പിഴത്തുക ഇളവുചെയ്തു നൽകി.
17ാം വയസ്സിൽ ഡേവിഡ് ഹിക്ക്മാൻ ഒാടിച്ച കാർ അപകടത്തിൽപെട്ടതാണ് പുസ്തകം എടുക്കുന്നതിലേക്ക് നയിച്ചത്. ഡഡ്‌ലിയിലെ ഗേൾസ് ഹൈസ്‌കൂളിലെ കുട്ടികളുടെ മുന്നിൽ ഹീറോ ചമയാൻ കാറിൽ കറങ്ങുന്നതിനിടെയായിരുന്നു അപകടം. ടൗൺ മേയർ കൗൺസിലർ ഡബ്ല്യു.ജി.കെ ഗ്രിഫിത്ത്‌സിനെ കാർ ഇടിക്കുകയായിരുന്നു. ഡേവിഡ് അറസ്റ്റിലായി. കേസ് കോടതിയിലെത്തിയപ്പോൾ നിയമങ്ങളെ കുറിച്ച് അറിയാനാണ് ലൈബ്രറിയിൽ പോയി 'ദി ലോ ഫോർ മോട്ടോറിസ്റ്റ്സ്' എന്ന പുസ്തകം എടുത്തത്. ഈ പുസ്‌തകം ഉപയോഗിച്ച് നിയമത്തിന്റെ പഴുതുകൾ ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ ഇല്ലാതെ വാഹനമോടിച്ചതിന് കൗമാരക്കാരൻ ശിക്ഷിക്കപ്പെട്ടു. 7 പൗണ്ടായിരുന്നു പിഴ. അഭിഭാഷകരുടെ ഫീസിൽ 3 പൗണ്ട് കൂടി ഈടാക്കാൻ കോടതി ഉത്തരവിട്ടു.
പക്ഷേ, കേസ് തോറ്റ ശേഷം പുസ്തകം ലൈബ്രറിയിൽ തിരികെ നൽകാൻ ഡേവിഡ് മറന്നു. അത് തന്റെ മേശവലിപ്പിൽ ഒരിടത്ത് വിശ്രമിക്കുകയായിരുന്നു. 1970ൽ വിവാഹമൊകെക കഴിഞ്ഞ് ഒരു കുട്ടിയുടെ പിതാവായ ശേഷം ഡേവിഡ്, ഡഡ്‌ലിയിൽ നിന്ന് സൗത്ത് ലണ്ടനിലെ ബാറ്റർസിയിലേക്ക് താമസം മാറ്റി. വീട്ടുസാധനങ്ങളെല്ലാം കൊണ്ടുപോകുന്നതിനിടെ അദ്ദേഹം ആ പുസ്തകവും കൂടെ കൊണ്ടുപോയി.
“ഞാൻ ഇടക്കാലത്ത് ഈ പുസ്തകം കാണുകയും അടുത്ത തവണ ഡഡ്‌ലിയിൽ വരുമ്പോൾ അത് തിരികെ നൽകണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു. അജ്ഞാതമായി പോസ്റ്റുചെയ്യാൻ പോലും ആലോചിച്ചു. ഒടുവിൽ നേരിട്ട് കൊണ്ടുപോയി നൽകാൻ തന്നെ തീരുമാനിക്കുകയായിരുന്നു’ -ഡേവിഡ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡഡ്‌ലിയിൽ പോയി പുസ്തകം തിരികെ നൽകിയത്.
ദിവസേന 20 പെൻസ് പ്രകാരം 42,340 പൗണ്ടായിരുന്നു പിഴത്തുക. എന്നാൽ, 58 വർഷങ്ങൾക്ക് ശേഷം പുസ്തകം തിരിച്ചുകിട്ടിയതിന്റെ അമ്പരപ്പിലായിരുന്ന ലൈബ്രറി അധികൃതർ, അദ്ദേഹത്തിന്റെ രസകരമായ കഥ കേട്ട ശേഷം ഇത് ഇളവ് ചെയ്യുകയായിരുന്നു. “കമ്പ്യൂട്ടറൈസേഷനു മുമ്പുള്ള കാർഡ്‌ബോർഡ് ടിക്കറ്റുകൾ സഹിതം പുസ്തകം തിരികെ ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്’ -ഡഡ്‌ലി ലൈബ്രേറിയൻ ഷാരോൺ വൈറ്റ്‌ഹൗസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.