ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും സംഘവും സഞ്ചരിച്ച ഹെലികോപ്ടറിന്‍റെ അവശിഷ്ടങ്ങൾ

രാഷ്ട്രനേതാക്കളുടെ ജീവനെടുത്ത ആകാശദുരന്തങ്ങൾ

റാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലഹി​യാ​നും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇവരുൾപ്പെടെയുള്ള സംഘത്തെ കാണാതായത്. 18 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായത്. പ്രസിഡന്‍റും വി​ദേ​ശ​കാ​ര്യ മ​ന്ത്രിയും കൂടാതെ ഹെലികോപ്ടറിലുണ്ടായിരുന്ന ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​ ഗ​വ​ർ​ണ​ർ മാലിക് റഹ്മത്തി, ഹെലികോപ്ടർ പൈലറ്റ് എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.

ലോകചരിത്രത്തിൽ നിരവധി രാഷ്ട്ര നേതാക്കൾ ഹെലികോപ്ടർ-വിമാന ദുരന്തങ്ങൾക്ക് ഇരയായിട്ടുണ്ട്. അപകടത്തിൽപ്പെട്ടിട്ടും അതിജീവിച്ചത് കുറച്ചുപേർ മാത്രമാണ്. ഈ വർഷം ഫെബ്രുവരി അഞ്ചിന് മുന്‍ ചിലിയന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതാണ് ഇതിനുമുമ്പുള്ള പ്രധാന അപകടം. 1936ന് ശേഷം അപകടത്തിൽ കൊല്ലപ്പെട്ടതും അതിജീവിച്ചതുമായ പ്രമുഖ ലോകനേതാക്കൾ ഇവരാണ്.

  • 1936 ഡിസംബർ 9 - സ്വീഡിഷ് പ്രധാനമന്ത്രി അർവിഡ് ലിൻഡ്മാൻ അദ്ദേഹം സഞ്ചരിച്ചിരുന്ന ഡഗ്ലസ് ഡിസി-2 വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ കനത്ത മൂടൽമഞ്ഞിൽ ദിശതെറ്റി ക്രോയ്‌ഡൺ എയർപോർട്ടിന് സമീപമുള്ള വീടുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു.
  • 1940 സെപ്റ്റംബർ 7 -പരാഗ്വേ പ്രസിഡന്‍റ് മാർഷൽ ജോസ് ഫെലിക്സ് എസ്റ്റിഗാരിബിയ വിമാനാപകടത്തിൽ മരിച്ചു.
  • 1943 ജൂലൈ 4 -രണ്ടാം ലോകമഹായുദ്ധ കാലത്ത് പോളണ്ട് സർക്കാറിനെ ഒളിവിൽ നയിച്ച പോളിഷ് പട്ടാളക്കാരനും രാഷ്ട്രതന്ത്രജ്ഞനുമായ വ്ലാഡിസ്ലാവ് സിക്കോർസ്കി ജിബ്രാൾട്ടറിൽ വിമാനം തകർന്ന് മരിച്ചു.
  • 1958 ജൂൺ 16 -ബ്രസീലിന്‍റെ ഇടക്കാല പ്രസിഡന്‍റ് നെരെയു റാമോസ്, ക്രൂസെറോ എയർലൈൻസിന്‍റെ വിമാനം തകർന്ന് മരിച്ചു.
  • 1959 മാർച്ച് 29 -സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റും സ്വാതന്ത്ര്യ പോരാട്ട നായകനുമായ ബർത്തലെമി ബൊഗണ്ട വിമാനം തകർന്ന് മരിച്ചു
  • 1961 സെപ്റ്റംബർ 18 - കോംഗോയിൽ സമാധാനത്തിന് മധ്യസ്ഥത വഹിക്കാൻ ചുമതലയുണ്ടായിരുന്ന അന്നത്തെ യു.എൻ സെക്രട്ടറി ജനറൽ ഡാഗ് ഹാമർസ്ക്ജോൾഡിന്‍റെ വിമാനം ഇന്നത്തെ സാംബിയയിൽ തകർന്നുവീണു. അപകടത്തിൽ ഹമർസ്ക്ജോൾഡ് ഉൾപ്പെടെ 16 പേർ മരിച്ചു.
  • 1966 ഏപ്രിൽ 13 -ഇറാഖ് പ്രസിഡന്‍റ് അബ്ദുൽ സലാം ആരിഫ് ഹെലികോപ്ടർ തകർന്ന് മരിച്ചു. 1963ൽ പട്ടാള അട്ടിമറിയിലൂടെയാണ് ആരിഫ് അധികാരത്തിലെത്തിയിരുന്നത്.
  • 1969 ഏപ്രിൽ 27 -ബൊളീവിയൻ പ്രസിഡന്‍റ് റെനെ ബാരിയന്‍റോസ് കൊച്ചബാംബ നഗരത്തിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചു.
  • 1977 ജനുവരി 18 -യുഗോസ്ലാവിയൻ പ്രധാനമന്ത്രി ഡിസെമൽ ബിജെഡിക്കിന്‍റെ ലിയർജെറ്റ് 25 വിമാനം ബോസ്നിയ ഹെർസഗോവിനയിലെ ക്രെസെവോ നഗരത്തിനടുത്തുള്ള ഇനാക് പർവതത്തിൽ തകർന്നുവീണു. ബിജെഡിക്കും ഭാര്യയും മറ്റ് ആറ് പേരും അപകടത്തിൽ മരിച്ചു.
  • 1979 മേയ് 27 -ആഫ്രിക്കൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്ന മൗറിത്താനിയൻ പ്രധാനമന്ത്രി അഹമ്മദ് ഔൾഡ് ബൗസീഫ് സഞ്ചരിച്ച വിമാനം ഡാക്കർ തീരത്ത് തകർന്നു. ബൗസീഫ് അപകടത്തിൽ മരിച്ചു.
  • 1980 ഡിസംബർ 4 -പോർച്ചുഗീസ് പ്രധാനമന്ത്രി ഫ്രാൻസിസ്കോ സാ കാർനെറോയും പ്രതിരോധ മന്ത്രി അഡെലിനോ അമാരോ ഡ കോസ്റ്റയും തലസ്ഥാനമായ ലിസ്ബണിൽ ഇവരുടെ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്ന് മരിച്ചു.
  • 1981 മേയ് 24 -ഇക്വഡോർ പ്രസിഡന്‍റ് ജെയിം റോൾഡോസ് അഗ്വിലേരയും പ്രതിരോധ മന്ത്രി മേജർ ജനറൽ മാർക്കോ സുബിയ മാർട്ടിനെസും സഞ്ചരിച്ചിരുന്ന വിമാനം പെറുവിയൻ അതിർത്തിക്ക് സമീപം തകർന്നുവീണ് ഇരുവരും മരിച്ചു.
  • 1981 ജൂലൈ 31 -പനാമ പ്രസിഡന്‍റ് ഉമർ ടോറിജോസ് അദ്ദേഹം പറന്നുകൊണ്ടിരുന്ന ചെറുവിമാനം വനത്തിൽ തകർന്ന് മരിച്ചു.
  • 1986 ഒക്ടോബർ 19 -മൊസാംബിക് പ്രസിഡന്‍റ് സമോറ മച്ചലും നിരവധി മൊസാംബിക്കൻ മന്ത്രിമാരും സഞ്ചരിച്ചിരുന്ന വിമാനം മൊസാംബിക്-ദക്ഷിണാഫ്രിക്കൻ അതിർത്തിക്ക് സമീപം തകർന്നുവീണു. മച്ചലും ചില മന്ത്രിമാരും മൊസാംബിക്കൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ 33 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പൈലറ്റ് കുറ്റക്കാരനാണെന്ന് പിന്നീട് കണ്ടെത്തി.
  • 1987 ജൂൺ 1 -ലെബനീസ് പ്രധാനമന്ത്രി റാഷിദ് കറാമി ഹെലികോപ്ടറിൽ ബെയ്റൂത്തിലേക്കുള്ള യാത്രക്കിടെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്‍റെ സീറ്റിന് പിന്നിൽ സ്ഥാപിച്ച റിമോട്ട് കൺട്രോൾ ബോംബ് പറന്നുയർന്നതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
  • 1988 ആഗസ്റ്റ് 17 -പാകിസ്താൻ പ്രസിഡന്‍റ് സിയാ-ഉൾ-ഹഖും അഞ്ച് ജനറൽമാരും യു.എസ് അംബാസഡർ അർനോൾഡ് ലൂയിസ് റാഫേലും സഞ്ചരിച്ച സി-130 സൈനിക വിമാനം തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 530 കിലോമീറ്റർ തെക്ക് ബഹവൽപൂരിന് സമീപം തകർന്നു. ഗൂഢാലോചന സംശയിച്ച അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടു.
  • 1994 ഏപ്രിൽ 6 -ബുറുണ്ടി പ്രസിഡന്‍റ് സിപ്രിയൻ ടര്യാമിറയും റുവാണ്ടൻ പ്രസിഡന്‍റ് ജുവനൽ ഹബ്യാരിമാനയും സഞ്ചരിച്ചിരുന്ന വിമാനത്തിന് നേരെ കിഗാലി എയർപോർട്ടിന് സമീപം വെടിവെപ്പുണ്ടായി. തകർന്നുവീണ വിമാനത്തിൽ നിന്ന് ആരും രക്ഷപ്പെട്ടില്ല.
  • 2004 ഫെബ്രുവരി 26 -മാസിഡോണിയയുടെ രണ്ടാമത്തെ പ്രസിഡന്‍റായിരുന്ന ബോറിസ് ട്രാജ്‌കോവ്‌സ്‌കിയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും സഞ്ചരിച്ച വിമാനം ബോസ്‌നിയ ഹെർസഗോവിനയിലെ മോസ്‌റ്റാർ നഗരത്തിന് സമീപം തകർന്നുവീണു. ട്രാജ്‌കോവ്‌സ്‌കിയും അദ്ദേഹത്തിന്‍റെ ഉപദേശകരും ഉൾപ്പെടെ എട്ട് പേർ അപകടത്തിൽ മരിച്ചു. അപകടം പൈലറ്റിന് സംഭവിച്ച പിശകാണെന്ന് പിന്നീട് അന്വേഷണ റിപ്പോർട്ടുണ്ടായി.
  • 2010 ഏപ്രിൽ 10 -പോളണ്ടിന്‍റെ പ്രസിഡന്‍റ് ലെക്ക് കാസിൻസ്‌കിയും ഭാര്യയും ഉൾപ്പെടെ 96 പേരുമായി പറന്ന ടുപോലൊവ്-154 വിമാനം റഷ്യയിലെ സ്മോലെൻസ്ക് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനുള്ള ഒരുക്കത്തിനിടെ വനമേഖലയിൽ തകർന്നുവീണു. എല്ലാവരും കൊല്ലപ്പെട്ടു.
  • 2024 ഫെബ്രുവരി 5 -മുൻ ചിലിയൻ പ്രസിഡന്‍റ് സെബാസ്റ്റ്യൻ പിനേരയും സംഘവും സഞ്ചരിച്ചിരുന്ന റോബിൻസൺ ആർ-66 ഹെലികോപ്റ്റർ ലോസ് റിയോസിലെ റാങ്കോ തടാകത്തിൽ തകർന്നു വീണു. കനത്ത മഴയും മൂടൽമഞ്ഞും കാരണം പറന്നുയർന്ന ഉടൻ ഹെലികോപ്റ്റർ തകരുകയായിരുന്നു. മൂന്ന് പേർ അപകടത്തിനിടെ തടാകത്തിലേക്ക് ചാടി രക്ഷപ്പെട്ടു. സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിയാതിരുന്ന പിനേരക്ക് രക്ഷപ്പെടാനായില്ല.

ആകാശദുരന്തങ്ങളെ അതിജീവിച്ച നേതാക്കൾ

  • 1955 ഏപ്രിൽ 11 - ചൈനീസ് പ്രധാനമന്ത്രി ചൗ എൻലായ്ക്ക് ഇന്തോനേഷ്യയിലേക്ക് പോകാനായി ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ വധശ്രമം. എന്നാൽ, വിവരം ലഭിച്ചതിനാൽ അവസാനനിമിഷം ചൗ എൻലായ് യാത്രാ പദ്ധതി മാറ്റി വിമാനത്തിൽ കയറിയില്ല. ഇദ്ദേഹത്തെ കൂടാതെ പുറപ്പെട്ട വിമാനത്തിൽ സ്ഫോടനമുണ്ടാവുകയും ദക്ഷിണ ചൈനാ കടലിൽ പതിക്കുകയും ചെയ്തു. 11 യാത്രക്കാർ മരിക്കുകയും മൂന്ന് പേർ രക്ഷപ്പെടുകയും ചെയ്തു.
  • 1959 ഫെബ്രുവരി 17 -തുർക്കിയ പ്രധാനമന്ത്രിയായ അദ്‌നാൻ മെൻഡറസ് ഇംഗ്ലണ്ടിൽ വെച്ച് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. തുർക്കിയ, ഇംഗ്ലണ്ട്, ഗ്രീസ് എന്നിവ തമ്മിലുള്ള ഒരു കരാറിൽ ഒപ്പുവെക്കാൻ പോയതായിരുന്നു അദ്ദേഹം. വിമാനം തകർന്ന അപകടത്തിൽ അന്നത്തെ അനഡോലു ഡയറക്ടർ ജനറൽ സെരിഫ് അർസിക് ഉൾപ്പെടെ 14 പേർ മരിച്ചു.
  • 1977 ഫെബ്രുവരി 9 -ജോർഡൻ മുൻ രാജ്ഞി എ ആലിയ ടൗക്കൻ തഫില നഗരത്തിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ടൗക്കാന്‍റെ ഭർത്താവ് ഹുസൈൻ ബിൻ തലാൽ രാജാവ് അപകടം അതിജീവിച്ചു. ശക്തമായ മഴയെ തുടർന്നായിരുന്നു അപകടം. ജോർഡൻ ആരോഗ്യമന്ത്രി മുഹമ്മദ് അൽ-ബെഷിറും അപകടത്തിൽ മരിച്ചു.
  • 1994 ജൂൺ - ഇംഗ്ലണ്ടിലെ ചാൾസ് മൂന്നാമൻ രാജാവ് പറത്തിയ വിമാനം ശക്തമായ കാറ്റിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണു. സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും ഒരു മില്യൺ ഡോളറിലധികം നാശനഷ്ടമുണ്ടായി. അപകടത്തിൽ ചാൾസ് മൂന്നാമൻ രക്ഷപ്പെട്ടു. 
Tags:    
News Summary - Many world leaders died, few survived in aviation accidents since 1936

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.