ഗസ്സ: സ്വതന്ത്ര രാഷ്ട്രമെന്ന ഫലസതീനിന്റെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന് ചിറകുനൽകുന്ന സുപ്രധാന പ്രഖ്യാപനമാണ് ഇന്ന് സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ നടത്തിയത്. ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം പ്രഖ്യാപിച്ച ഈ രാജ്യങ്ങൾ വിമോചനശ്രമങ്ങൾക്ക് ഗതിവേഗം പകരുമെന്ന് തീർച്ച.
വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്തീനികളുടെ പരമാധികാരം അംഗീകരിക്കുന്നതാണ് ഫലസ്തീൻരാഷ്ട്ര അംഗീകാരം. ദ്വിരാഷ്ട്ര പരിഹാരം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഫലസ്തീനികളും ഇതിനെ കാണുന്നത്. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളിൽ 143 പേരും നിലവിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നവരാണ്. അടുത്ത ചൊവ്വാഴ്ച സ്പെയിനും നോർവേയും അയർലൻഡും നടപടികൾ പൂർത്തിയാക്കുന്നതോടെ എണ്ണം 146 ആയി ഉയരും.
1988 നവംബർ 15ന് അൽജീരിയയിൽ വെച്ചാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ചെയർമാൻ യാസർ അറാഫത്ത് ജറുസലേം തലസ്ഥാനമായി ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്. ഫലസ്തീനിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി അൽജീരിയ മാറി. വൈകാതെ ഏഷ്യയിലെയും ആഫ്രിക്കയിലെയും കിഴക്കൻ യൂറോപ്പിലെയും ഒട്ടുമിക്ക രാജ്യങ്ങളും ഫലസ്തീൻ രാജ്യത്തെ അംഗീകരിച്ചു.
ഈ വർഷം നാല് രാജ്യങ്ങളാണ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. ബഹാമാസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ജമൈക്ക, ബാർബഡോസ് എന്നിവയാണ് ഇവ. െസ്ലാവീനിയ, മാൾട്ട എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാർച്ചിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിനുപിന്നാലെയാണ്, ഓസ്ലോ കരാറടക്കം ഫലസ്തീൻ വിഷയത്തിൽ സുപ്രധാന ഇടപെടലുകൾക്ക് നേതൃത്വം നൽകിയ നോർവേ ഫലസ്തീന് പുതുതായി അംഗീകാരം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ചീഫ് പ്രോസിക്യൂട്ടർ കഴിഞ്ഞദിവസം നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ)യിൽ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ക്രിമിനൽ നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരപ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ഭൂരിഭാഗവും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ, യു.എസ്, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയവ ഇസ്രായേലിന് മാത്രമാണ് പിന്തുണ നൽകുന്നത്.
1988:
അൾജീരിയ, ബഹ്‌റൈൻ, ഇന്തോനേഷ്യ, ഇറാഖ്, കുവൈറ്റ്, ലിബിയ, മലേഷ്യ, മൗറിറ്റാനിയ, മൊറോക്കോ, സൊമാലിയ, ടുണീഷ്യ, തുർക്കിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ക്യൂബ, ജോർദാൻ, മഡഗാസ്‌കർ, മാൾട്ട, നിക്കരാഗ്വ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, സെർബിയ, സാംബിയ, അൽബേനിയ, ബ്രൂണെ, ജിബൂട്ടി, മൗറീഷ്യസ്, സുഡാൻ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഈജിപ്ത്, ഗാംബിയ, ഇന്ത്യ, നൈജീരിയ, സീഷെൽസ്, ശ്രീലങ്ക, നമീബിയ, റഷ്യ, ബെലാറസ്, യുക്രെയ്ൻ, വിയറ്റ്നാം, ചൈന, ബുർക്കിന ഫാസോ, കൊമോറോസ്, ഗിനിയ, ഗിനിയ-ബിസാവു, കംബോഡിയ, മാലി, മംഗോളിയ, സെനഗൽ, ഹംഗറി, കേപ് വെർദെ, ഉത്തര കൊറിയ, നൈജർ, റൊമാനിയ, ടാൻസാനിയ, ബൾഗേറിയ, മാലിദ്വീപ്, ഘാന, ടോഗോ, സിംബാബ്‌വെ, ചാഡ്, ലാവോസ്, സിയറ ലിയോൺ ഉഗാണ്ട, റിപ്പബ്ലിക് ഓഫ് കോംഗോ, അംഗോള, മൊസാംബിക്, സാവോ ടോം ആൻഡ് പ്രിൻസിപ്പി, ഗാബോൺ, ഒമാൻ, പോളണ്ട്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ബോട്സ്വാന, നേപ്പാൾ, ബുറുണ്ടി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഭൂട്ടാൻ, പടിഞ്ഞാറൻ സഹാറ.
1989: റുവാണ്ട, എത്യോപ്യ, ഇറാൻ, ബെനിൻ, കെനിയ, ഇക്വറ്റോറിയൽ ഗിനിയ, വാനുവാട്ടു, ഫിലിപ്പീൻസ്
1991: ഇസ്വാറ്റിനി
1992: കസാക്കിസ്ഥാൻ, അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, ജോർജിയ, ബോസ്നിയ, ഹെർസഗോവിന
1994: താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, പാപുവ ന്യൂ ഗിനിയ
1995: ദക്ഷിണാഫ്രിക്ക, കിർഗിസ്ഥാൻ
1998: മലാവി
2004: ഈസ്റ്റ് തിമോർ
2005: പരാഗ്വേ
2006: മോണ്ടിനെഗ്രോ
2008: കോസ്റ്റാറിക്ക, ലെബനൻ, ഐവറി കോസ്റ്റ്
2009: വെനസ്വേല, ഡൊമിനിക്കൻ റിപ്പബ്ലിക്
2010: ബ്രസീൽ, അർജൻ്റീന, ബൊളീവിയ, ഇക്വഡോർ
2011: ചിലി, ഗയാന, പെറു, സുരിനാം, ഉറുഗ്വേ, ലെസോത്തോ, സൗത്ത് സുഡാൻ, സിറിയ, ലൈബീരിയ, എൽ സാൽവഡോർ, ഹോണ്ടുറാസ്, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ബെലീസ്, ഡൊമിനിക്ക, ആൻ്റിഗ്വ ആൻഡ് ബാർബുഡ, ഗ്രനഡ, ഐസ്‌ലാൻഡ്
2012: തായ്‌ലൻഡ്
2013: ഗ്വാട്ടിമാല, ഹെയ്തി, വത്തിക്കാൻ
2014: സ്വീഡൻ
2015: സെൻ്റ് ലൂസിയ
2018: കൊളംബിയ
2019: സെൻ്റ് കിറ്റ്‌സ് ആൻഡ് നെവിസ്
2023: മെക്സിക്കോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.