മലങ്കര: സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് ആഗോള സുറിയാനി ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ. സിറിയക്കും മധ്യപൂർവദേശത്തെ ജനങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു. അക്രമമാർഗങ്ങളിലൂടെയല്ലാതെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും പാത്രിയാർക്കീസ് ബാവ ആവശ്യപ്പെട്ടു. മലങ്കര ദയറയിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറിയൻ തലസ്ഥാനമായ ഡമാസ്കസ് അടക്കമുള്ള നഗരങ്ങൾ ഇന്ന് വിമതസേന പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്‍റ് ബശ്ശാറുൽ അസദിന്റെ യുഗം അവസാനിച്ചെന്നും സിറിയ സ്വതന്ത്രരാജ്യമായെന്നും വിമതർ പ്രഖ്യാപിച്ചു. സിറിയയുടെ ചരിത്രത്തിൽ പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും വിമതർ അറിയിച്ചു.
കഴിഞ്ഞ 50 വർഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമർത്തലിലായിരുന്നു. 13 വർഷത്തെ കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കൽ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ബശ്ശാറിനെ പതനത്തിന് ശേഷം ആയിരക്കണക്കിന് ആളുകൾ സിറിയൻ തെരുവുകളിലറങ്ങി ആഹ്ലാദപ്രകടനം നടത്തി. തലസ്ഥാനമായ ഡമസ്കസിൽ സ്ഥാപിച്ചിരുന്ന ബശ്ശാറുൽ അസദിന്‍റെ പിതാവിന്‍റെ പ്രതിമകൾ ജനങ്ങൾ തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതിനിടെ, പ്രസിഡന്‍റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ, രാജ്യം വിടാൻ തനിക്ക് പദ്ധതിയിലെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി വ്യക്തമാക്കി. പൊതുസ്ഥാപനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കാൻ വിമതർ അനുവദിക്കുമെന്നാണ് പ്രതീക്ഷ. പൊതുസമ്പത്ത് സംരക്ഷിക്കാൻ പൊതുജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അൽ ജലാലി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.