വാഷിങ്ടൺ: നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം ഓടിനടക്കുകയാണ് യു.എസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന് വേണ്ടിയാണ് ബിൽ ക്ലിന്റൺ ജോർജിയയിലെത്തിയത്.അപ്പോൾ അവിടെയുള്ള മക്ഡൊണാൾഡ് ഔട്ലെറ്റ് സന്ദർശിക്കാൻ ക്ലിന്റണ് തോന്നി. കൗണ്ടറിലുണ്ടായിരുന്ന മക്ഡൊണാൾഡ് ജീവനക്കാരിക്ക് ക്ലിന്റണെ തിരിച്ചറിയാൻ സാധിച്ചില്ല. എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്ന ഭാവത്തിലായിരുന്നു അവർ. ഒടുവിൽ ഹസ്തദാനം നൽകി ബിൽ ക്ലിന്റൺ തന്റെ പേര് പറഞ്ഞപ്പോഴാണ് അവർക്ക് യു.എസിലെ പ്രസിഡന്റായിരുന്നു അതെന്ന കാര്യം ഓർമ വന്നത്.
ക്ലിന്റൺ പേര് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ വലിയ ഞെട്ടലാണ് മക്ഡൊണാൾഡ് ജീവനക്കാരിയുടെ മുഖത്ത് പ്രകടമായത്. എന്റെ ദൈവമേ...ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവണല്ലോ ഇത് എന്ന് പറഞ്ഞുകൊണ്ട് കൗണ്ടറിൽ നിന്ന് ഇറങ്ങിവന്ന് അവർ മുൻ പ്രസിഡന്റിന്റെ ആശ്ലേഷിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ സമ്മിശ്ര പ്രതികരണവുമായാണ് നെറ്റിസൺസ് എത്തിയിരിക്കുന്നത്.
മക്ഡൊണാൾഡിലെ മറ്റാരോ ആണ് വിഡിയോ പകർത്തിയത്. വിദ്യാർഥിയായിരുന്ന കാലത്ത് മക്ഡൊണാൾഡിൽ ജോലി ചെയ്തിരുന്ന പഴയ കാലത്തെ കുറിച്ച് അടുത്തിടെ കമല ഹാരിസ് വെളിപ്പെടുത്തിയിരുന്നു.
കമല ഹാരിസിനെ പോലും അവർക്ക് തിരിച്ചറിയാൻ ചിലപ്പോൾ പറ്റിയെന്നു വരില്ല, കമലയും അവിടെ ജോലി ചെയ്തിരുന്നു. എന്നാണ് വിഡിയോക്കു താഴെ ഒരാൾ പ്രതികരിച്ചത്. എന്നാൽ തികച്ചും അപ്രസക്തനായ ഒരാളാണ് ബിൽ ക്ലിന്റൺ എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. നാലുവർഷം കൂടുമ്പോൾ ചില ചതുപ്പ് ജീവികൾ പുറത്തേക്കു വരുന്നു. അധികാരത്തിലിരുന്ന കാലത്ത് അമേരിക്കയിലെ സാധാരണക്കാരുമായി ഒരിക്കൽ പോലും അവർ മുഖാമുഖം കണ്ടിട്ടുകൂടിയുണ്ടാകില്ല.-എന്നാണ് മറ്റൊരാൾ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.