വാഷിങ്ടൺ: ലോകത്തെ നയിക്കാൻ അമേരിക്ക തിരിച്ചെത്തിയതായി നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. വിദേശകാര്യ സെക്രട്ടറിയായി ആൻറണി ബ്ലിങ്കൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവായി ജാക് സുള്ളിവൻ, ആഭ്യന്തര സുരക്ഷ സെക്രട്ടറിയായി അലിജാൻഡ്രോ മയോർക്കസ്, രഹസ്യാന്വേഷണ വിഭാഗം തലവനായി ആവ്റിൽ ഡി ഹെയിൻസ്, യു.എന്നിലെ അംബാസഡറായി ലിൻഡ തോമസ് ഗ്രീൻഫീൽഡ്, കാലാവസ്ഥ വ്യതിയാന വിഭാഗം സെക്രട്ടറിയായി ജോൺ കെറി എന്നിവരടങ്ങിയ തെൻറ മന്ത്രിസഭ ടീമിനെ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ അമേരിക്ക മടങ്ങിവന്നതായി പറഞ്ഞത്.
2021 ജനുവരി 20ന് പുതിയ പ്രസിഡൻറായി അധികാരമേൽക്കുകയും ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങുകയും ചെയ്യുന്നതോടെ അമേരിക്ക ഒരിക്കൽകൂടി ലോകത്തിെൻറ മുൻപന്തിയിൽ നിൽക്കുകയും നമ്മുടെ എതിരാളികളെ നേരിടുകയും സുഹൃത്തുക്കളെ തിരസ്കരിക്കാതിരിക്കുകയും ചെയ്യുമെന്ന് ബൈഡൻ വ്യക്തമാക്കി. അതിനിടെ, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, കാലാവസ്ഥ വ്യതിയാന വിഭാഗം പ്രതിനിധി എന്നിവയൊഴിച്ചുള്ള പദവികൾക്ക് സെനറ്റിെൻറ അംഗീകാരം നേടേണ്ടതുണ്ട്. നിലവിൽ 50-48 എന്ന നിലയിൽ രണ്ടംഗങ്ങളുടെ ഭൂരിപക്ഷമുള്ള റിപബ്ലിക്കൻമാർ ബൈഡെൻറ നിയമനങ്ങൾ അംഗീകരിക്കാനിടയില്ല. അതിനാൽ, ജനുവരി അഞ്ചിന് ജോർജിയയിലെ രണ്ട് സെനറ്റ് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഡെമോക്രാറ്റുകൾക്ക് നിർണായകമാണ്. രണ്ട് സീറ്റിൽ വിജയിച്ചാൽ അംഗബലം തുല്യമാവുകയും വൈസ് പ്രസിഡൻറ് കമല ഹാരിസിെൻറ വോട്ട് ഡെമോക്രാറ്റുകൾക്ക് അനുകൂലമാവുകയും ചെയ്യും.
അതിനിടെ, അധികാര കൈമാറ്റത്തിന് അനുകൂലമായി കഴിഞ്ഞദിവസം ട്രംപ് പ്രതികരിച്ചെങ്കിലും വിസ്കോൻസൻ സംസ്ഥാനത്തെ ഔേദ്യാഗിക ഫലപ്രഖ്യാപനം നിർത്താനാവശ്യപ്പെട്ട് റിപബ്ലിക്കൻ നേതാക്കൾ സുപ്രീംകോടതിയിൽ കേസ് നൽകി. ഇവിടെ ബൈഡന് 20,000 വോട്ടിെൻറ ലീഡാണുള്ളത്. ഡിസംബർ ഒന്നിനാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.