ലണ്ടൻ: പ്രമുഖ മുസ്ലിം ചിന്തകനും എഴുത്തുകാരനും ലണ്ടനിലെ പ്രശസ്ത 'ഇംപാക്റ്റ് ഇന്‍റർനാഷനലി'ന്‍റെ സ്ഥാപകനും മുഖ്യപത്രാധിപരുമായ എം.എച്ച് ഫാറൂഖി (92) നിര്യാതനായി. ഉത്തർപ്രദേശിലെ കാൻപൂരിൽ 1930 ജനുവരി നാലിന് ജനിച്ച മുഹമ്മദ് ഹാഷിർ ഫാറൂഖി, മുസ്ലിം സ്റ്റുഡന്‍റ്സ് യൂണിയൻ നേതാവും ഉർദു ലിറ്റററി സൊസൈറ്റി സെക്രട്ടറിയുമായി വിദ്യാഭ്യാസകാലത്തു തന്നെ എഴുത്തിലേക്കും ആക്ടിവിസത്തിലേക്കും തിരിഞ്ഞു.
ഉന്നത പഠനത്തിനായി ലണ്ടനിലേക്കു പോയ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. ബ്രിട്ടനിലെ മുസ്ലിം വിദ്യാർഥി കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് സ്റ്റുഡന്‍റ്സ് ഇസ്ലാമിക് സൊസൈറ്റീസിന്‍റെ 'ദ മുസ്ലിം' മാസികയിൽ കോളമിസ്റ്റായി മാധ്യമപ്രവർത്തനത്തിനു തുടക്കം കുറിച്ചു. 'സ്ക്രൈബ്' എന്ന തൂലികനാമത്തിൽ ഫാറൂഖി എഴുതിവന്ന കോളം ഇംഗ്ലീഷ് മുസ്ലിം മാധ്യമലോകത്ത് പുതിയ അനുഭവമായിരുന്നു.
ബ്രിട്ടനിലെ മുസ്ലിംസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പത്രം എന്ന നിലയിൽ 1970 മേയ് 15ന് അദ്ദേഹം 'ഇംപാക്റ്റ് ഇന്‍റർനാഷണൽ' എന്ന വാർത്താപത്രികക്ക് തുടക്കം കുറിച്ചു. ആഗോളരാഷ്ട്രീയ, സാമ്പത്തിക, സാമൂഹികവിശകലനങ്ങളും മുസ്ലിംസമൂഹങ്ങളുടെ സമഗ്രമായ കവറേജും സന്തുലിതമായ നിലപാടും വഴി'ഇംപാക്റ്റ്' കുറഞ്ഞ കാലം കൊണ്ട് ആഗോളശ്രദ്ധ നേടി. 85 രാജ്യങ്ങളിലായി വിപുലമായ വായനവൃത്തമുണ്ടായിരുന്ന 'ഇംപാക്റ്റ്' 35 വർഷത്തിനു ശേഷം സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ പ്രസാധനം നിർത്തി.
ബ്രിട്ടനിലെ മുസ്ലിംകളുടെ ഏകോപനത്തിനും സംഘാടനത്തിനും മുന്നിട്ടിറങ്ങി. യു.കെ ആക്ഷൻ കമ്മിറ്റി ഓൺ ഇസ്ലാമിക് അഫയേഴ്സ് ഉപദേഷ്ടാവായും മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ സാരഥി, മുസ്ലിം എയ്ഡ്, മുസ്ലിം എജുക്കേഷനൽ ട്രസ്റ്റ്, ഇസ്ലാമിക് ഫൗണ്ടേഷൻ എന്നിവയിലുംസേവനമനുഷ്ഠിച്ചു. 2013ൽ മാധ്യമരംഗത്തെ സമഗ്രസംഭാവനക്കുള്ള എഡിറ്റേഴ്സ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡിന് അർഹനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.