ഹതായ്: 28,000 പേരുടെ മരണത്തിനിടയാക്കിയ തുർക്കി -സിറിയ ഭൂകമ്പത്തിൽ 6000ഓളം കെട്ടിടങ്ങളാണ് തകർന്നു വീണത്. നിരവധി പേർ കെട്ടിടങ്ങൾക്കിടയിൽ പെട്ട് മരിച്ചു. രക്ഷാ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
മരിച്ചവരെ കണ്ടെത്താനാണ് രക്ഷാ പ്രവർത്തകർ പോലും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലും അത്ഭുതപ്പെടുത്തുന്ന രക്ഷപ്പെടലുകൾ നടന്നിട്ടുണ്ട്. കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ കൂടുതലായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുള്ളത്. നിരവധി കുഞ്ഞുങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഗുരുത പരിക്കില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പ്രസവിച്ച യുവതി പൊക്കിൾകൊടിപോലും വേർപ്പെടാതെ മരിച്ചുപോവുകയും കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തത് രക്ഷാ പ്രവർത്തകർക്ക് പോലും അത്ഭുതമായിരുന്നു.
അത്തരത്തിൽ മറ്റൊരു അത്ഭുത രക്ഷപ്പെടലാണ് ഇപ്പോൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ഭൂകമ്പത്തിന് ശേഷം 128 മണിക്കൂറുകൾ കഴിഞ്ഞ് രക്ഷപ്പെടുത്തിയിരിക്കുന്നത്.
വെള്ളംപോലുമില്ലാതെ മരം കോച്ചുന്ന തണുപ്പിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എങ്ങനെയാണ് ഈ കുഞ്ഞ് അഞ്ചു ദിവസത്തിലേറെ പിടിച്ചു നിന്നതെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു കഴിഞ്ഞു.
ഈ കുഞ്ഞിനെപ്പോലെ, രണ്ടു വയസുള്ള പെൺകുട്ടി, ആറ് മാസം ഗർഭിണിയായ യുവതി, 70 കാരി എന്നിവരെയും അഞ്ചുദിവസങ്ങൾക്ക് ശേഷം രക്ഷാ പ്രവർത്തകർ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.