തെൽ അവീവ്: ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ യെമനിൽ നിന്നുള്ള മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. എന്നാൽ, നിസ്സാര പരിക്കാണ് എല്ലാവർക്കും ഏറ്റിരിക്കുന്നതെന്നും ഗ്ലാസ് തകർന്നത് മൂലമാണ് ഇത് ഉണ്ടായതെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
മിസൈൽ ആക്രമണം തടയുന്നതിൽ ഇസ്രായേലിന്റെ എയർ ഡിഫൻസ് സിസ്റ്റം പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വെള്ളിയാഴ്ച 25 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 77 പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനംതന്നെയെന്ന് അടിവരയിട്ട് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ് -എം.എസ്.എഫ്) റിപ്പോർട്ട്. സംഘടനക്ക് വേണ്ടി ഗസ്സയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ജീവനക്കാരിൽനിന്ന് വിവരം ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ഇസ്രായേൽ സൈന്യം കൂട്ടനശീകരണവും മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതിന് ആരോഗ്യ ജീവനക്കാർ സാക്ഷിയാണ്. വടക്കൻ ഗസ്സയിൽനിന്ന് ബോധപൂർവം ആളുകളെ പുറന്തള്ളി. തിരിച്ചുവരാൻ കഴിയാത്തവിധം അവിടെ നശിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ഇന്ന് അവസാനിച്ചാലും തലമുറകളോളം അവിടെ ജീവിക്കാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിയും നശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.