വാഷിങ്ടൺ: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന യുദ്ധത്തോടുള്ള ഭരണകൂടത്തിന്‍റെ നയത്തിൽ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു. ഗസ്സ ഡെപ്യൂട്ടി പൊളിറ്റിക്കൽ കൗൺസിലറായ മൈക്ക് കേയ്സിയാണ് രാജിവച്ചത്.
ദ ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് പ്രതിഷേധവുമായി താൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിൽനിന്ന് രാജിവെച്ചതിനെക്കുറിച്ച് കേയ്സി വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് എഴുതി മതിയായെന്ന് കേയ്സി പറഞ്ഞു. ഈ കുട്ടികളെല്ലാം ശരിക്കും കൊല്ലപ്പെട്ടതാണെന്ന് അമേരിക്കൻ ഭരണകൂടത്തിന് നിരന്തരം എനിക്ക് തെളിയിക്കേണ്ടി വന്നു. എന്നാലോ, ഒരു നടപടിയും ഉണ്ടാകാറുമില്ല -കേയ്സി പറഞ്ഞു.
ഫലസ്തീനിൽ ഞങ്ങൾക്ക് ഒരു നയവുമില്ല. ഇസ്രായേലികളുടെ പദ്ധതി എന്താണോ , അത് ഞങ്ങൾ നടത്തിക്കൊടുക്കുന്നു. ബൈഡൻ ഭരണകൂടം കൊണ്ടുവന്ന എല്ലാ പദ്ധതികൾക്കും മീതം ഇസ്രായേലികൾക്ക് മറ്റൊരു പദ്ധതിയുണ്ടാകും -കേയ്സി വിമർശിച്ചു.
ഗസ്സയിൽ ഇസ്രായേലിന്‍റെ നിഷ്ഠൂര ആക്രമണം തുടങ്ങിയ ശേഷം നിരവധി അമേരിക്കൻ ഉദ്യോഗസ്ഥർ രാജിവെച്ചൊഴിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് ഡിപാർട്മെന്‍റ്, പ്രതിരോധ ഇന്‍റലിജൻസ് ഏജൻസിയിൽനിന്നടക്കം രാജിയുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.