വാഷിങ്ടൺ: ഫലസ്തീനെ അനുകൂല ലേഖനത്തിന്റെ പേരിൽ ഇന്ത്യൻ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത് യു.എസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. പ്രഹ്ലാദ് അയ്യങ്കാറിനെയാണ് സ്ഥാപനം സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക്ക് എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ പി.എച്ച്.ഡി ചെയ്യുകയാണ് പ്രഹ്ലാദ്. വിദ്യാർഥിയുടെ റിസർച്ച് ഫെലോഷിപ്പും റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വിദ്യാർഥിക്ക് കോളജിൽ വരുന്നതിനും വിലക്കുണ്ട്. കോളജ് മാസികയിൽ പ്രഹ്ലാദ് എഴുതിയ ലേഖനമാണ് വിവാദങ്ങൾക്കുള്ള കാരണം. ലേഖനം അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നതാണ് എന്നാണ് കോളജ് അധികൃതർ പറയുന്നത്. ഫലസ്തീൻ അനുകൂല ലേഖനങ്ങൾ ഉൾപ്പെടുത്തിയ മാസികയും നിരോധിച്ചിട്ടുണ്ട്.
എന്നാൽ, തനിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി നടപടിയെടുക്കാൻ കാരണം ലേഖനത്തിലെ ചിത്രങ്ങളാണെന്നാണ് അയ്യങ്കാർ പറയുന്നത്. ഈ ചിത്രങ്ങൾ താൻ നൽകിയതല്ലെന്നും പ്രഹ്ലാദ് വിശദീകരിക്കുന്നു.
താൻ തീവ്രവാദത്തെ പ്രോൽസാഹിപ്പിച്ചുവെന്നാണ് കോളജ് ഭരണകൂടം പറയുന്നത്. അതിനുള്ള കാരണം താൻ എഴുതിയ ലേഖനത്തിലെ ചിത്രങ്ങളാണെന്നും പ്രഹ്ലാദിന്റെ അഭിഭാഷകൻ ഷെയർ ചെയ്ത എക്സ് പോസ്റ്റിൽ പറയുന്നു.
യു.എസിലെ കാമ്പസുകളിൽ അഭിപ്രായസ്വാതന്ത്ര്യം നഷ്ടമാകുന്നതിന്റെ ഉദാഹരണമാണ് സംഭവമെന്നും പ്രഹ്ലാദ് ചൂണ്ടിക്കാട്ടുന്നു. ഫലസ്തീൻ അനുകൂല പ്രകടനത്തിന്റെ പേരിൽ കഴിഞ്ഞ വർഷവും കോളജ് പ്രഹ്ലാദിനെതിരെ നടപടിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.