ബാകു: സംഘർഷം ഭയന്ന് നാഗോർണോ-കരാബാക്കിലെ ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേർ അർമേനിയയിലേക്ക് പലായനം ചെയ്തു. ഞായറാഴ്ച ആരംഭിച്ച കൂട്ട പലായനം തുടരുകയാണെന്നും വെള്ളിയാഴ്ച രാവിലെയോടെ 84,770 പേർ നാഗോർണോ-കരാബാക്ക് വിട്ടുവെന്നും അർമേനിയൻ അധികൃതർ പറഞ്ഞു.
അർമേനിയയിലേക്കുള്ള റോഡിൽ വാഹനങ്ങൾ നിറഞ്ഞുകവിഞ്ഞതു കാരണം ഗതാഗതക്കുരുക്ക് 40 മണിക്കൂറിലധികം നീണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗോർണോ-കറാബാക്കിൽ നിന്ന് പുറത്തിറങ്ങാൻ ചിലർ ദിവസങ്ങളോളം എടുത്തതായും അധികൃതർ അറിയിച്ചു.
അസർബൈജാൻ കഴിഞ്ഞ ആഴ്ച നാഗോർണോ-കരാബാക്ക് മേഖലയിൽ മിന്നൽ ആക്രമണം നടത്തിയതിനെ തുടർന്ന് സിവിലിയൻമാരടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. പിരിഞ്ഞുപോയ പ്രദേശത്തിന്റെ പൂർണ്ണ നിയന്ത്രണം അർമേനിയൻ സൈന്യം വീണ്ടെടുക്കുകയും വിഘടനവാദ സർക്കാർ പിരിച്ചുവിടാനും ആവശ്യപ്പെട്ട ശേഷമാണ് ഈ നീക്കങ്ങൾ ഉണ്ടായത്.
വിഘടനവാദി പ്രസിഡന്റ് സാംവെൽ ശഖ്‌രാമന്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ സെപ്തംബർ 20ന് ഒപ്പുവെച്ചിരുന്നു. പോഷകാഹാരക്കുറവ് കാരണവും കൃത്യ സമയത്ത് മരുന്ന് ലഭിക്കാതെയും അർമേനിയയിലേക്കുള്ള വഴിയിൽ പ്രായമായവരുൾപ്പെടെ ചിലർ മരിച്ചുവെന്ന് അർമേനിയൻ ആരോഗ്യമന്ത്രി അനഹിത് അവനേസ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.