യുദ്ധത്തിന്‍റെ അവസാന മുറിപ്പാടും നീക്കം ചെയ്ത് 'നപാം പെൺകുട്ടി'

ടോക്യൊ: 1972ൽ അമേരിക്ക വിയറ്റ്നാമിൽ ബോംബിട്ടത് ലോകം ഇന്നും ഓർത്തിരിക്കുന്നത് പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് നിക് ഉട്ട് പകർത്തിയ 'നാപാം പെൺകുട്ടി' എന്ന ചിത്രത്തിലൂടെയാണ്. 50 വർഷങ്ങൾക്ക് ശേഷം പൊള്ളലിന്റെ അവസാന പാടും ചികിത്സയിലൂടെ മാറ്റിയിരിക്കുകയാണ് നാപാം പെൺകുട്ടി എന്ന് ലോകം വിളിക്കുന്ന കിം ഫുക് ഫാൻ തി. ഇന്ന് കിം ഫുക്കിന് 59 വയസ്സുണ്ട്.

അമേരിക്ക ബോംബ് വർഷിക്കുമ്പോൾ ഒമ്പത് വയസ്സുള്ള കിം ഫുക്ക് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള മുന്നറിയിപ്പ് വന്നതോടെ ബോംബ് വീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഓടിയെങ്കിലും മാരകമായ പൊള്ളലേറ്റിരുന്നു. ചൂടിൽ വസ്ത്രങ്ങൾ കത്തുകയും നഗ്നയായി ഓടുകയും ചെയ്ത പെൺകുട്ടിയുടെ ചിത്രം നിക് ഉട്ട് പകർത്തുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു.

ചർമത്തിന്‍റെ പുറം ഭാഗമായ എപ്പിഡെർമിസും തൊട്ടുതാഴെയുള്ള പാളിയായ ഡെർമിസും പൂർണമായി കത്തിപ്പോയ അവസ്ഥയിലായിരുന്നു കിം ഫുക്ക്. ആ വർഷം 17ഓളം ശസ്ത്രക്രിയകൾക്ക് വിധേയമായെങ്കിലും പിന്നീട് നിരവധി ചികിത്സകൾ തുടരേണ്ടിവന്നു. 2015ൽ അമേരിക്കയിലെ മിയാമിയിലെ ജിൽ സ്വൈബർ എന്ന ഡോക്ടർ കിമ്മിന്റെ വാർത്തയറിഞ്ഞ് സൗജന്യ ചികിത്സ നൽകാമെന്ന് ഏറ്റിരുന്നു. തുടർന്നാണ് 50 വർഷങ്ങൾക്ക് ശേഷം അവസാന പാടുകളും നീക്കം ചെയ്യുന്ന ചികിത്സയിൽ എത്തിയത്. കിമ്മിന്റെ ഏറ്റവും പുതിയ ചിത്രം പകർത്താനും പുലിറ്റ്സർ ജേതാവായ നിക്ക് ഉട്ട് ആശുപത്രിയിൽ ഉണ്ടായിരുന്നു.

"ഇനി ഞാൻ നാപാം പെൺകുട്ടിയല്ല. യുദ്ധത്തിന്‍റെ ഇരയുമല്ല. ഞാൻ കൂട്ടുകാരിയും സഹായിയും മുത്തശ്ശിയുമൊക്കെയാണ്. യുദ്ധത്തിന്‍റെ അതിജീവിതയും സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന വ്യക്തിയുമാണ്," കിം ഫുക് പറഞ്ഞു.

Tags:    
News Summary - ‘Napalm girl’ in iconic Vietnam war photo gets final skin treatment 50 years later in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.