ദേ​ശീ​യ വ്യ​വ​സാ​യ​ന​യം സം​ബ​ന്ധി​ച്ച സം​വാ​ദ​ത്തി​ൽ ഊ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ൽ​മാ​ൻ, വ്യ​വ​സാ​യ ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ​ഖു​റ​യ്​​ഫ്, നി​ക്ഷേ​പ​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ​ഫാ​ലി​ഹ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രി എ​ൻ​ജി. അ​ബ്ദു​ല്ല ബി​ൻ ആ​മി​ർ അ​ൽ​സ​വാ​ഹ എ​ന്നി​വ​ർ

ദേശീയ വ്യവസായനയം: സൗദി അറേബ്യ ലോകത്തിന്റെ നെറുകയിലെത്തുമെന്ന് മന്ത്രിമാർ

ജിദ്ദ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച സൗദി അറേബ്യയുടെ പുതിയ ദേശീയ വ്യവസായ നയത്തെക്കുറിച്ച് സംവാദ പരിപാടി സംഘടിപ്പിച്ചു. വ്യവസായ-ധാതു വിഭവശേഷി മന്ത്രാലയമാണ് റിയാദിൽ ചർച്ച നടത്തിയത്. ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, വ്യവസായ-ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ്, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ്, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജി. അബ്ദുല്ല ബിൻ ആമിർ അൽസവാഹ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സാമ്പത്തിക വൈവിധ്യവത്കരണം, ആഭ്യന്തര ഉൽപാദനം, എണ്ണയിതര കയറ്റുമതി എന്നീ രംഗങ്ങളിൽ വളർച്ചനേടി കരുത്തുറ്റതും നിക്ഷേപം ആകർഷിക്കുന്നതുമായ ഒരു വ്യവസായിക സമ്പദ്‌വ്യവസ്ഥയിലെത്തുകയാണ് പുതിയ നയത്തിന്റെ കാതലെന്ന് മന്ത്രിമാർ വ്യക്തമാക്കി.

2026ൽ വൈദ്യുതി കാറുകൾ കയറ്റുമതി ചെയ്യും

സൗദി അറേബ്യ 2026ൽ ഒന്നര ലക്ഷം വൈദ്യുതി കാറുകൾ നിർമിച്ച് കയറ്റുമതി ചെയ്യുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജി. അബ്ദുല്ല ബിൻ ആമിർ അൽസവാഹ. സൗദി അറേബ്യയിൽ പ്രതിവർഷം ഒന്നര ലക്ഷം കാറുകൾ നിർമിക്കാനാണ് ലൂസിഡ് കമ്പനി ലക്ഷ്യമിടുന്നത്. ലൂസിഡ് മോട്ടോഴ്‌സിൽ രാജ്യം നടത്തിയ നിക്ഷേപം അതിനെ വികസിത രാജ്യങ്ങളുടെ നിരയിൽ എത്തിച്ചു.

സൗദി അറേബ്യ വൈദ്യുതി കാർ നിർമാണരംഗത്തേക്ക് കടക്കുന്നത് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ സ്വപ്നമായിരുന്നു. അതാണ് യാഥാർഥ്യമാകാൻ പോകുന്നത്. പ്രതിവർഷം ഒന്നരലക്ഷം കാറുകൾ നിർമിക്കാൻ ലക്ഷ്യമിടുന്ന ലൂസിഡ് വൈദ്യുതി വാഹന കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ടിന് (പി.ഐ.എഫ്) സ്വന്തമാണെന്നും മന്ത്രി പറഞ്ഞു.

വ്യവസായം വികസനത്തിന്റെ നെടുന്തൂണുകളിലൊന്ന്

വരും കാലഘട്ടത്തിൽ രാജ്യത്തെ നിക്ഷേപ വികസനത്തിന്റെ നെടുന്തൂണുകളിലൊന്നാണ് വ്യവസായിക മേഖലയെന്ന് നിക്ഷേപമന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഇത് ജി.ഡി.പിയുടെ 12 ശതമാനമാണ്. വിഷൻ 2030 നിരവധി നിക്ഷേപകർക്ക് പ്രചോദനമായി. ദേശീയ നിക്ഷേപ നയം 2030ഓടെ 12.4 ലക്ഷം കോടി റിയാൽ വരെ ലക്ഷ്യമിടുന്നു. വ്യവസായിക മേഖലയിൽ ഏകദേശം 1.7 ലക്ഷം കോടി റിയാൽ വരുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.

ഇനി സമയം ഒട്ടും പാഴാക്കാനില്ലെന്ന് ഊർജമന്ത്രി

വ്യവസായികരംഗത്ത് ഇന്ത്യയെയും ചൈനയെയും പോലെ സൗദി അറേബ്യക്ക് കുതിപ്പ് നടത്താമായിരുന്ന 40 വർഷം ഞങ്ങൾ പാഴാക്കിയെന്നും ഇനി പാഴാക്കാൻ സമയമില്ലെന്നും ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സംവാദത്തിൽ വ്യക്തമാക്കി.ഇനി സമയം പാഴാക്കേണ്ടതില്ലെന്നാണ് തീരുമാനം. നിക്ഷേപങ്ങൾ രാജ്യത്ത് ഫാക്ടറികൾ നിർമിക്കുന്നതിന് സഹായകമാകും.

ഈ ദേശീയതന്ത്രം ഞാനല്ല, നമ്മൾ എന്ന ബോധത്തെ ശക്തിപ്പെടുത്തുന്ന കൂട്ടായ പ്രവർത്തനമാണ്. മന്ത്രാലയങ്ങളുടെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾ അവസാനിച്ചുവെന്നും ഊർജമന്ത്രി പറഞ്ഞു.വാതകം വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഞങ്ങൾക്കുണ്ട്. അടുത്തിടെ കണ്ടെത്തിയ ഗ്യാസ് ഫീൽഡുകൾ ഉണ്ട്. 'സാബിക്' ആരംഭിച്ചപ്പോൾ പെട്രോകെമിക്കൽ വ്യവസായം പരിമിതമായിരുന്നു. വൈദ്യുതി ഉൽപാദനം, പ്രസരണം, വിതരണം എന്നീ മേഖലകളിൽ ലക്ഷം കോടി റിയാലിലെത്താവുന്ന പദ്ധതികൾ ഞങ്ങൾ നടപ്പാക്കും.

സൗരോർജം സൗദി അറേബ്യക്ക് ദൈവത്തിന്റെ സമ്മാനമാണ്. ഈ രംഗത്ത് നമ്മളേക്കാൾ കഴിവുള്ള ഒരു രാജ്യം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. പറയുന്നത് നടപ്പാക്കും എന്നു തോന്നുന്ന നാട്ടിലാണ് നമ്മൾ എന്നതിൽ അഭിമാനിക്കുന്നു. വ്യവസായത്തിനായുള്ള ദേശീയ തന്ത്രത്തിൽ നിക്ഷേപങ്ങളും പ്രാദേശികവത്കരണവും പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കും. സുസ്ഥിര വികസനം കൂടാതെ ഞങ്ങൾക്ക് അവസരമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എണ്ണയിതര കയറ്റുമതി 50 ശതമാനം വർധിപ്പിക്കും

വ്യവസായത്തിനായുള്ള ദേശീയതന്ത്രത്തിലെ ഓരോ ലക്ഷ്യവും വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറയ്ഫ് പറഞ്ഞു.ദേശീയ വ്യവസായം ഗുണപരവും ആഗോളതലത്തിൽ മത്സരക്ഷമവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

എണ്ണയിതര കയറ്റുമതി ഏകദേശം 50 ശതമാനം വർധിപ്പിക്കുന്നതിന് വ്യവസായ തന്ത്രം സഹായിക്കും. ജലശുദ്ധീകരണം ഏറെ വികസനക്ഷമതയുള്ള മേഖലയാണ്. സൗദി അറേബ്യ ആ രംഗത്ത് മുൻനിരയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - National Industrial Policy: Ministers say Saudi Arabia will be at the top of the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.