ടെൽ അവീവ്: ബന്ദികളുടെ കൊലയിലും വെടിനിർത്തൽ ചർച്ചകളിൽ പരാജയപ്പെട്ടതിലും നെതന്യാഹു ഭരണകൂടത്തിനെതിരായ പൊതുജന രോഷത്തിൽ തിളച്ച് ഇസ്രായേൽ. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്ട്രഡിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചതോടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രായേല്‍ പൗരന്മാര്‍ തെരുവിലിറങ്ങി. പണിമുടക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡും രംഗത്തെത്തി.
ഗസ്സക്കുനേരെയുള്ള യുദ്ധം സർക്കാർ കൈകാര്യം ചെയ്യുന്നതിലുള്ള വ്യാപകമായ ജനരോഷത്തിനിടയിലാണ് ഹമാസ് തടവിലാക്കിയ ആറു ബന്ദികളുടെ മരണവാർത്ത പുറത്തുവന്നത്. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡസൻ കണക്കിന് പ്രതിഷേധക്കാർ ടെൽ അവീവിലെ ഇബ്ൻ ഗ്വിറോൾ സ്ട്രീറ്റ് വളഞ്ഞു. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. ശിലാത്ത് ജംഗ്ഷനിലും പ്രതിഷേധക്കാർ ഒത്തുകൂടി. വടക്കൻ നഗരമായ റോഷ് പിനയിലെ റോഡ് തടഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
നൂറുകണക്കിന് പ്രതിഷേധക്കാർ ടെൽ അവീവിലെ നമീർ റോഡിലൂടെ ദേശീയ പ്രതിരോധ ആസ്ഥാനത്തേക്ക് നീങ്ങുന്നതായി ഇസ്രായേലി മാധ്യമമായ ഹാരെറ്റ്സ് പുറത്തുവിട്ടു. തെക്കൻ ഇസ്രായേലിലെ ബിയർ ഷെവയിലെ ഒരു പ്രധാന കവലയിൽ ഗതാഗതം തടസ്സപ്പെടുത്തി. വടക്കൻ ഇസ്രായേലിൽ യോക്നെയാം പട്ടണത്തിന് സമീപവും ഹൈഫയിലും പ്രതിഷേധം കടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
പണിമുടക്ക് വിമാന സർവിസുകളെയും ബാധിച്ചു. ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇന്ന് രാവിലെ രണ്ട് മണിക്കൂർ പണിമുടക്കുണ്ടായി. ഏഴ് വിമാനങ്ങൾക്ക് പുറപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഷെഡ്യൂൾ ചെയ്ത മറ്റ് വിമാനങ്ങൾ പറക്കില്ലെന്ന് യെനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട ബന്ദികളിലൊരാളായ കാര്‍മല്‍ ഗാറ്റിന്റെ മൃതദേഹവുമായി റോഡുപരോധിക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ബന്ധു ഇനിയും വിട്ടുകിട്ടാനുള്ള ബന്ദികള്‍ സ്വതന്ത്രരാവുന്നതുവരെ പ്രതിഷേധം തുടരുമെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, നെതന്യാഹുവിന്റെ മന്ത്രി സഭയിലെ ചില തീവ്ര ചിന്താഗതിക്കാരുടെ കടുംപിടുത്തമാണ് വെടിനിര്‍ത്തല്‍ കരാര്‍ നീളുന്നതിന് കാരണമെന്ന് ആരോപണമുയർന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹമാസ് വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് അവര്‍ ബന്ദികളെ കൊലപ്പെടുത്തിയതെന്നുമാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. അതുകൊണ്ട് കൊലപാതകത്തിന് ഹമാസ് കണക്ക് പറയേണ്ടി വരുമെന്നും അവരുടെ അന്ത്യം കാണുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പ്രതികരിച്ചു.
അമേരിക്കന്‍ വംശജനായ ഇസ്രഈല്‍ പൗരന്‍ ഹെര്‍ഷ് ഗോള്‍ഡ്ബര്‍ഗ്-പോളിന്‍, കാര്‍മല്‍ ഗാറ്റ്, ഏദന്‍ യെരുശാല്‍മി, അലക്സാണ്ടര്‍ ലോബനോവ്, അല്‍മോഗ് സര്‍സുയി, ഓറി ഡോനിനോ എന്നിവരാണ് മരിച്ച ഇസ്രായേൽ പൗരന്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.