ഇസ്‍ലാമാബാദ്: പാകിസ്താനിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ് ശരീഫ്) വിഭാഗം നേതാവ് ഷെഹ്ബാസ് ശരീഫ് പാകിസ്താൻ പീപ്പ്ൾസ് പാർട്ടി (പി.പി.പി)ചെയർമാൻ ബിലാവൽ ഭൂട്ടോ, ആസിഫ് അലി സർദാരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇരു പാർട്ടികളും പരസ്പരം രാഷ്ട്രീയ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ രാഷ്ട്രീയ അസ്ഥിരതയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഇരു പാർട്ടികളും പ്രതിഞ്ജാബദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
നേരത്തെ ഇസ്‍ലാമാബാദിൽ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ പി.എം.എൽ-(എൻ) ശക്തമാക്കിയിരുന്നു. കേവല ഭൂരിപക്ഷമായ 133 സീറ്റിലെത്താൻ ഒരുപാർട്ടിക്കും കഴിയാത്ത സാഹചര്യത്തിൽ ചെറുകക്ഷികളുടെ നിലപാട് നിർണായകമാകും.17 സീറ്റുകൾ നേടിയ മുത്തഹിദ ക്വാമി മൂവ്‌മെൻ്റ്-പാകിസ്താൻ പാർട്ടിയുടെ പ്രതിനിധി സംഘം നവാസ് ശരീഫിനെയും ഷെഹ്ബാസ് ശരീഫിനെയും സന്ദർശിക്കുകയും സർക്കാർ രൂപീകരണത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിക്കുകയും ചെയ്തു. പി.പി.പിയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ, പി.എം.എൽ-എൻ മറ്റ് ചെറിയ പാർട്ടികളുമായി സഹകരിച്ച് സഖ്യസർക്കാരിനായി കൈകോർക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഇമ്രാൻ ഖാന്റെ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രർ 101 സീറ്റുകൾ നേടി ഒന്നാമതെത്തിയിട്ടുണ്ട്. പി.എം.എൽ-എൻ 75, പി.പി.പി 54, മുത്തഹിദ ക്വാമി മൂവ്‌മെൻ്റ് 17, മറ്റുള്ളവർ 12 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.