ബെയ്ജിങ്/കാഠ്മണ്ഡു: നേപ്പാളും ചൈനയും വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ ചൈന സന്ദർശനത്തോട് അനുബന്ധിച്ചാണ് വ്യാപാരം, റോഡ് ബന്ധിപ്പിക്കൽ ഉൾപ്പെടെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള 12 കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. കൂടാതെ ഏഴ് ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ട്.
ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന്റെ ക്ഷണപ്രകാരമാണ് ദഹൽ ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസം മുമ്പ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയ പ്രചണ്ഡ ബെയ്ജിങ്ങിലേക്ക് പോയി. തിങ്കളാഴ്ച അദ്ദേഹം ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി വിപുലമായ ചർച്ചകൾ നടത്തി.
ചൈനയുടെ നാഷനൽ ഡെവലപ്‌മെന്റ് ആന്റ് റിഫോം കമ്മീഷനും നേപ്പാളിന്റെ നാഷനൽ പ്ലാനിംഗ് കമ്മീഷനും തമ്മിലുള്ള പരസ്പര ധാരണയും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനും സമ്പദ്‌വ്യവസ്ഥ, വ്യാപാരം, എന്നിവയ്ക്ക് പുതിയ ഉത്തേജനം നൽകുന്നതിനുമുള്ള വഴികളെക്കുറിച്ച് ഇരുപക്ഷവും വീക്ഷണങ്ങൾ കൈമാറിയെന്ന് ബെയ്ജിങ്ങിലെ നേപ്പാൾ എംബസി അറിയിച്ചു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ പശ്ചാത്തലത്തിൽ സംസാരിക്കവേ, ചൈന ഗ്ലോബൽ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് അടക്കം വിവിധ പദ്ധതികൾക്ക് തുടക്കമിടുകയാണെന്നും അതിൽ സഹകരിക്കുണെന്നും നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ചൈനയിലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും പരസ്പരം സഹകരിക്കാൻ സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.