കാഠ്മണ്ഡു: നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ വിമാനം പറന്നുയരുന്നതിനിടെ, തകർന്നുവീണ് തീപിടിച്ച് വിദേശി ഉൾപ്പെടെ 18 പേർ മരിച്ചു. പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. പതിവ് അറ്റകുറ്റപ്പണിക്കായി പൊഖ്രയിലേക്ക് പോവുകയായിരുന്ന ശൗര്യ എയർലൈൻസിന്റെ വിമാനമാണ് ബുധനാഴ്ച രാവിലെ 11.11ന് അപകടത്തിൽപെട്ടത്.
പറന്നുയരാൻ ശ്രമിക്കുന്നതിനിടെ, ബൊംബാർഡിയർ സി.ആർ.ജെ -200 വിമാനത്തിന് തീപിടിക്കുകയായിരുന്നുവെന്ന് നേപ്പാൾ വ്യോമയാന അതോറിറ്റിയുടെ സെർച് ആൻഡ് റെസ്ക്യൂ സെന്റർ അറിയിച്ചു. അഗ്നിരക്ഷാ വാഹനങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തി.
വിമാനത്തിലെ സഹപൈലറ്റ് എസ്. കതുവാളും ശൗര്യ എയർലൈൻസിന്റെ 17 ജീവനക്കാരുമാണ് മരിച്ചത്. ജീവനക്കാരിൽ നേപ്പാളി വനിതയും യെമൻ പൗരനും ഉൾപ്പെടുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ മനീഷ് ശക്യ (37) കാഠ്മണ്ഡു മോഡൽ ആശുപത്രിയിൽ ചികിത്സയിലാണ്. 15 പേർ സംഭവ സ്ഥലത്തും മൂന്നുപേർ ആശുപത്രിയിലുമാണ് മരിച്ചത്.
മരിച്ചവരിൽ ഒരു കുടുംബത്തിലെ മൂന്നുപേരും ഉൾപ്പെട്ടു.വിമാനക്കമ്പനിയിലെ സാങ്കേതിക വിദഗ്‌ധനായ മനു രാജ് ശർമ, ഭാര്യ പ്രിസ ഖതിവാഡ, നാലുവയസ്സുള്ള മകൻ ആദി രാജ് ശർമ എന്നിവരാണിവർ. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം അൽപ നേരം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.