ലണ്ടൻ: ഗസ്സ ആക്രമണവുമായി ബന്ധപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ കാർട്ടൂൺ വരച്ച മുതിർന്ന കാർട്ടൂണിസ്റ്റിനെ പുറത്താക്കി ബ്രിട്ടീഷ് പത്രം ഗാർഡിയൻ. നീണ്ട 42 വർഷമായി സ്ഥാപനത്തിൽ കാർട്ടൂണിസ്റ്റായി പ്രവർത്തിക്കുന്ന സ്റ്റീവ് ബെല്ലിന്റെ കരാറാണ് ഇനി പുതുക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചത്. ഇരു കൈകളിലും ബോക്സിങ് ഗ്ലോവുകൾ അണിഞ്ഞ് ഗസ്സ മുനമ്പിന്റെ ഭൂപടത്തിനു മുകളിലായി മൂർച്ചയേറിയ കത്തി പിടിച്ച് ‘താമസക്കാരോട് ഉടൻ സ്ഥലംവിടണം’ എന്ന് ആജ്ഞാപിക്കുന്നതാണ് കാർട്ടൂൺ.
ഗസ്സയിൽ കരയാക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇത്. ‘വെനീസിലെ വ്യാപാരി’യെന്ന ഷേക്സ്പിയർ നാടകത്തിൽ തനിക്കവകാശപ്പെട്ട മാംസം മുറിച്ചെടുക്കാൻ ഒരുങ്ങിനിൽക്കുന്ന ഷൈലോക് എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്നതാണ് കാർട്ടൂണെന്നും സെമിറ്റിക് വിരുദ്ധമാണെന്നും പറഞ്ഞ് കാർട്ടൂൺ പ്രസിദ്ധീകരിക്കാതെ എഡിറ്റർമാർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കൽ.
അതിനിടെ, അമേരിക്കൻ വാർത്താ ചാനലായ എം.എസ്.എൻ.ബി.സി ഇസ്രായേൽ യുദ്ധത്തിനെതിരെ നിലപാടെടുത്തെന്ന പേരിൽ മൂന്ന് അവതാരകരെ പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്. മഹ്ദി ഹസൻ, ഐമൻ മുഹ്യിദ്ദീൻ, അലി വെൽഷി എന്നിവരെയാണ് മാറ്റിനിർത്തിയത്. ‘മെഹ്ദി ഹസൻ ഷോ’ എന്ന പേരിൽ വ്യാഴാഴ്ച അവതരിപ്പിക്കാറുള്ള പരിപാടി ചാനൽ ഒഴിവാക്കിയ ചാനൽ മുഹ്യിദ്ദീൻ അവതാരകനായി നിശ്ചയിച്ച അതേ ദിവസത്തെ മറ്റൊരു പരിപാടിയിൽ ആളെ മാറ്റിയിരുന്നു. വരുംനാളുകളിൽ അലി വെൽഷിയുടെ പരിപാടികളും മറ്റൊരാളാകും അവതരിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.