ഞായറാഴ്ച മുടിവെട്ടിയാൽ എന്ത് സംഭവിക്കും?; കാലങ്ങളായുള്ള കീഴ്വഴക്കം തിരുത്തി അമേരിക്കൻ നഗരം

ന്യൂയോർക്ക്: യു.എസിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ന്യൂയോർക്കിൽ ഞായറാഴ്ചകളിൽ ബാർബർ ഷോപ്പുകൾ മാത്രം അടഞ്ഞുകിടന്നിരുന്നു. ബാർബർമാരുടെ സംഘടനകൾ ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് കരുതിയെങ്കിൽ തെറ്റി. കാലങ്ങൾക്ക് മുമ്പേ തുടർന്നു വന്ന ഒരു കീഴ്വഴക്കമാണ് ഈ ഞായറാഴ്ചത്തെ മുടിവെട്ടൽ നിരോധനം. കാലമേറെ മാറിയിട്ടും, അത്യാധുനിക സലൂണുകളും ബ്യൂട്ടി പാർലറുകളും വന്നിട്ടും മുമ്പെങ്ങോ നിലവിലുണ്ടായിരുന്ന ഈ നിയമം തുടർന്നു വരികയായിരുന്നു. അതിന് ഒരവസാനമായിരിക്കുകയാണ് ഇപ്പോൾ.

ന്യൂയോർക് ഗവർണർ ആൻഡ്രൂ കൂമോയാണ് മുടിവെട്ടാനുള്ള ഞായറാഴ്ച നിരോധനം എടുത്തുമാറ്റിയത്. അതിപുരാതനമായൊരു ഭ്രാന്തൻ നിയമത്തെ ഷേവ് ചെയ്ത് മാറ്റിയെന്നാണ് അദ്ദേഹം ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

'ഞായറാഴ്ചകളിൽ മുടി മുറിക്കുന്നത് തെറ്റായ നടപടിയാക്കിയ ഒരു പുരാതന നിയമം പുസ്തകങ്ങളിൽ നിന്ന് ഷേവ് ചെയ്തിട്ടുണ്ട്. അപൂർവ്വമായി നടപ്പിലാക്കിയെങ്കിലും, നിയമം കത്രിക ഭ്രാന്തായിരുന്നു. ബാർബർമാർക്ക് അവർ ആഗ്രഹിക്കുന്ന ഏത് ദിവസവും പ്രവർത്തിക്കാൻ കഴിയും' -അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇങ്ങനെയൊരു നിയമം എന്നാണ് നിലവിൽ വന്നത് എന്നറിയില്ലെങ്കിലും, തങ്ങൾ ഇത് അനുസരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നിരവധി ബാർബർമാർ അഭിപ്രായപ്പെട്ടത്. 'ഞങ്ങൾ ഒരിക്കലും ഞായറാഴ്ച പ്രവർത്തിച്ചിട്ടില്ല. പക്ഷേ നിരവധി പേർ ചെയ്യുന്നുണ്ട്. ഇതൊരു നിയമമായിരുന്നോ എന്ന് പോലും അറിയില്ലായിരുന്നു. എന്നിട്ടും, ഞങ്ങൾ അത് ലംഘിച്ചിട്ടില്ല' -വാട്ടർടൗണിലെ ദി സ്പോർട്സ്മാൻ ബാർബർ ഷോപ് ഉടമ കോണീ ജോൺസ്റ്റൺ പറയുന്നു.

റിപ്പബ്ലിക്കൻ സെനറ്റർ ജോ ഗ്രിഫോ ആണ് നിയമം എടുത്തുമാറ്റാനുള്ള ബിൽ അവതരിപ്പിച്ചത്. എല്ലാ ചെറുകിട ബിസിനസുകാരെ പോലെയും ബാർബർമാരും ഈ കോവിഡ് സമ‍യത്ത് പ്രയാസം നേരിടുകയാണ്. ഇത് പോലെയുള്ള കാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമം ഒഴിവാക്കുന്നതിലൂടെ ബാർബർമാർക്ക് ഞായറാഴ്ച കൂടി ജോലി ചെയ്യാനും അതുവഴി കൂടുതൽ വരുമാനം നേടാനുമുള്ള അവസരമാണ് ഒരുക്കുന്നത് -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - New York legalizes giving a haircut on Sundays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.