പാകിസ്താനിൽ ഇന്ത്യൻ മിസൈൽ; അബദ്ധം സംഭവിച്ചതാകാനാണ് സാധ്യതയെന്ന് യു.എസ്

വാഷിങ്ടൺ ഡി.സി: ഇന്ത്യയുടെ സൂപ്പർ സോണിക് മിസൈൽ പാകിസ്താനിൽ പതിച്ചത് അബദ്ധത്തിൽ സംഭവിച്ചതാകാനാണ് സാധ്യതയെന്ന് അമേരിക്ക. മിസൈൽ പതനം ആസൂത്രിതമായി ചെയ്തതല്ലെന്നും സാങ്കേതിക തകരാർ കാരണം സംഭവിച്ചുപോയതാണെന്നുമാണ് തങ്ങളുടെ ഇന്ത്യൻ പങ്കാളികളിൽ നിന്ന് വിവരം ലഭിച്ചതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവായ നെഡ് പ്രൈസ് പറഞ്ഞു.

മിസൈൽ പതിച്ചതുമായി ബന്ധപ്പെട്ട തുടർസംശയങ്ങൾ നിവാരണം ചെയ്യാന്‍ ഇന്ത്യൻ പ്രതിരോധ മന്ത്രാലയവുമായി സംസാരിക്കാന്‍ മാധ്യമങ്ങളോട് നെഡ് പ്രൈസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇന്ത്യ കൃത്യമായി മാർച്ച് ഒമ്പതിന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ടെന്നും അതിനപ്പുറം തങ്ങൾക്ക് ഈ വി‍ഷയത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാർച്ച് ഒമ്പതിനാണ് ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ ലഹോറിൽ നിന്ന് 275 കിലോമീറ്റർ അകലെ മിയാൻ ചന്നുവിനടുത്തുള്ള ഒരു കോൾഡ് സ്റ്റോറേജ് വെയർഹൗസിൽ പതിച്ചത്. സാങ്കേതിക തകരാർ കാരണം പതിവ് അറ്റകുറ്റപ്പണികൾക്കിടെ മിസൈൽ 'അബദ്ധത്തിൽ തൊടുത്തുവിട്ടതാണെ'ന്നാണ് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചത്.

സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ മിസൈൽ അബദ്ധത്തിൽ പതിച്ചത് സംബന്ധിച്ച ഇന്ത്യയുടെ "ലളിത വിശദീകരണം" തൃപ്തികരമെല്ലെന്നും സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വസ്തുതകൾ കൃത്യമായി കണ്ടെത്താൻ സംയുക്ത അന്വേഷണം വേണമെന്നും പാകിസ്താൻ വിദേശകാര്യ ഓഫിസ് മറുപടിയായി പറഞ്ഞു.

Tags:    
News Summary - No indication firing of missile from India into Pak anything other than accident: US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.