കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിലുണ്ടായ ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം സാധ്യമല്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. രാജ്യത്തെ നിയമപ്രകാരം ഇത്തരമൊരു അന്വേഷണം അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന ‘മെസഞ്ചർ’ എന്ന പത്രത്തിലാണ് സ്വതന്ത്രവും സുതാര്യവുമായ മേൽനോട്ടത്തിന് അന്താരാഷ്ട്ര അന്വേഷണ സംഘം ആവശ്യമാണെന്ന വാദമുയർത്തിയത്. ശ്രീലങ്കയുടെ ആഭ്യന്തര കാര്യങ്ങളിൽ അന്താരാഷ്ട്ര അന്വേഷണമെന്ന ആശയത്തെ പിന്തുണക്കാൻ സാധിക്കില്ലെന്ന് പ്രസിഡന്റിന്റെ മാധ്യമ വിഭാഗം അഭിപ്രായപ്പെട്ടു. ശ്രീലങ്കൻ ഭരണഘടനയും നിലവിലുള്ള മറ്റു നിയമങ്ങളും ഇതിന് അനുവദിക്കുന്നില്ല. മാത്രമല്ല, ഇത്തരമൊരു അന്വേഷണം നടത്തുന്നത് നിയമലംഘനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഏപ്രിൽ 21ന് മൂന്ന് കത്തോലിക്ക ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും ഭീകരർ നടത്തിയ ആക്രമണങ്ങളിൽ 270 പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു. 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശ്രീലങ്കയുടെ ഇന്റലിജൻസ് സർവിസ് മേധാവി സുരേഷ് സല്ലയ് ഉൾപ്പെടെ ഏതാനും സർക്കാർ ഉദ്യോഗസ്ഥർക്ക് ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ബ്രിട്ടനിലെ ചാനൽ 4 ടെലിവിഷൻ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ ആരോപിച്ചിരുന്നു. അന്നത്തെ ശക്തരായ രാജപക്സ സഹോദരങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് ഡോക്യുമെന്ററിയിൽ ആരോപണമുന്നയിച്ചു.
ആക്രമണം നടന്ന് മൂന്നാം ദിവസം ഗോടബയ രാജപക്സ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ചു. ഏഴു മാസത്തിനുശേഷം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മഹിന്ദ രാജപക്സ രാജ്യത്തിന്റെ മുൻ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമാണ്. കഴിഞ്ഞ വർഷമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടർന്ന് അരങ്ങേറിയ കലാപവുമാണ് ഇരുവരെയും രാജിവെക്കാൻ നിർബന്ധിച്ചത്.
ചാനൽ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര അന്വേഷണമെന്ന ആവശ്യം കത്തോലിക്ക സഭ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.