‘അവർ ഞങ്ങളുടെ സന്തോഷകരമായ ഓർമകളെല്ലാം തുടച്ചുനീക്കി’’- യു.എന്നിൽ വിതുമ്പി ഫലസ്തീൻ അംബാസഡർ

ന്യൂയോർക്: ഗസ്സയിലെ ഇസ്രായേൽ കുരുതി 100 നാൾ പിന്നിട്ടതിനിടെ ഓരോ ഫലസ്തീനിയും നേരിടുന്ന കടുത്ത വേദനകൾ യു.എൻ പൊതുസഭയിൽ ലോകത്തിനു മുന്നിൽ പങ്കുവെച്ച് ഫലസ്തീൻ അംബാസഡർ മാജിദ് ബാമിയ. ഫലസ്തീനികൾ സന്തോഷകരമായ ഓർമകൾ നിലനിർത്തിയ ഓരോ ഇടവും ഇസ്രായേൽ തകർത്തുകളഞ്ഞെന്നും ഏഴു പതിറ്റാണ്ട് മുമ്പ് നഖ്ബയിലൂടെ നടപ്പാക്കിയതിന്റെ തനിയാവർത്തനമാണ് ഇന്നും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘‘നഖ്ബക്കൊപ്പം പിറന്ന തലമുറയിലെ അംഗമാണ് ഞാൻ. കൂട്ടക്കുരുതികൾ, തമ്പുകൾ, തീരാ പ്രയാസങ്ങൾ... എന്നിങ്ങനെ നീന്തിക്കടന്നവർ. ജീവിതത്തിൽ ഇനിയൊരിക്കൽ കൂടി അത് സംഭവിക്കില്ലെന്നായിരുന്നു ഞാൻ കരുതിയത്.

ഫലസ്തീനികളിൽ 70 ശതമാനവും അഭയാർഥികളാണ്. പിറന്ന മണ്ണിലേക്കും നാട്ടിലേക്കും മടക്കം പതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടവർ. നേരത്തെ നടന്ന അതിക്രമങ്ങളിൽ വീട് തകർക്കപ്പെട്ടവരാണ് ഗസ്സയിലെ ജനതയിലേറെയും. ഇന്ന് ഗസ്സക്കാർ ഉറ്റവരുടെ മരണത്തിൽ ഹൃദയം നോവുന്നവരാണ്. തന്നെയും കുടുംബത്തെയും കരുതി പണിതും പുതുക്കിപ്പണിതും സ്വന്തമെന്നു വിശ്വസിച്ച വീടുകൾ തകർക്കപ്പെട്ടതിൽ വേദനിക്കുന്നവർ. സ്വന്തമായിരുന്ന പട്ടണം തകർക്കപ്പെട്ടവർ. ഗസ്സ ചീന്തും അതിലെ അടയാളമുദ്രകളും തുടച്ചുനീക്കപ്പെട്ടവർ. ഓർമകളിൽ ഇഷ്ടം കിനിയുന്ന ഓരോ ഇടവും നശിപ്പിക്കപ്പെട്ടവർ. ഇന്നിപ്പോൾ ഓരോ മുക്കിലും മൂലയിലും ഉയരുന്നത് നോവും വേവും മരണവും മാത്രം.

100 വർഷം പിന്നിടുമ്പോൾ, അക്ഷരാർഥത്തിൽ ഗസ്സയിലെ ഓരോ ഫലസ്തീനിയും പലവട്ടം അഭയാർഥിത്വം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവനാണ്. ആദ്യം സ്വന്തം വീട്ടിൽനിന്ന് യു.എൻ അഭയാർഥി ക്യാമ്പിലേക്ക്. അവിടെനിന്ന് മറ്റൊരു തമ്പിലേക്ക്... സുരക്ഷയുടെ തുരുത്ത് തിരഞ്ഞെത്തുന്നിടത്ത് മരണം വന്നുവിളിക്കുന്നു.

എല്ലാം ഇസ്രായേൽ മനഃപൂർവം തകർത്തുകളഞ്ഞിരിക്കുന്നു. ഞങ്ങളുടെ കുരുന്നുകളെ അത് വധിച്ചുകളഞ്ഞു. അംഗവി​ച്ഛേദം നടത്തി. ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, എഞ്ചിനിയർമാർ, കവികൾ, അക്കാദമിക്കുകൾ.. എല്ലാവരെയും ഇല്ലാതാക്കി. ജീവൻ നിലനിൽക്കാൻ വേണ്ട എന്തും ഗസ്സയിൽ അവർ തുടച്ചുനീക്കി.

ഇവിടെ വസിക്കാൻ വീടുകളില്ല. അറിവ് നുകരാൻ സ്കൂളുകളും യൂനിവേഴ്സിറ്റികളുമില്ല. ചികിത്സ തേടാൻ ആശുപത്രികളില്ല. ആരാധനക്കായി മസ്ജിദുകളും ദേവാലയങ്ങളുമില്ല. കൃഷി നടത്താൻ കാർഷിക ഭൂമിയില്ല. വല്ലതും വാങ്ങാൻ വിപണികളില്ല. സുരക്ഷയില്ല. ഭാവിയില്ല...


ബോംബിട്ട് ഭീതി വിതച്ചാൽ ഫലസ്തീനികൾ എല്ലാം വിട്ടെറിഞ്ഞ് ഓടിപ്പോകുമെന്നായിരുന്നു അവർ കണക്ക് കൂട്ടിയത്. അത് സംഭവിച്ചില്ല. ഇനിയിപ്പോൾ അവർ കരുതുന്നത് ബോംബുകൾ പെയ്ത തീമഴയിൽ എല്ലാം ചാരമായത് കണ്ട് അവർ വിട്ടുപോകുമെന്നാണ്.

നഖ്ബ മുറിവേറെ ഏൽപിച്ചവരാണ് ഫലസ്തീനികൾ. ഇനിയൊരിക്കൽ അത് സംഭവിക്കാതെ തടയാൻ വേരുകൾ ഏറെ പടർത്തിയവരാണ് അവർ. പിറന്ന നാട് ഉപേക്ഷിക്കുന്നില്ലെന്ന പേരിൽ ഭൂമിയിൽ അവർക്ക് ജീവിതം നരകമായി തുടരുന്നത് കടുത്ത അനീതിയാണ്. ഞങ്ങളുടെ ജനതക്ക് ഒരു കൊച്ചുസ്വപ്നമുണ്ട്. സ്വന്തം മണ്ണിൽ സ്വാതന്ത്ര്യത്തോടെയും മാന്യതയോടെയും ജീവിക്കണം. അതവരുടെ അവകാശമാണ്’’.

 

Tags:    
News Summary - ‘No safety, no future’: Palestinian envoy to UN delivers emotional speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.