.ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യത്തോട് ഇന്ത്യ പ്രതികരിക്കില്ലെന്ന് സൂചന. നിലവിലെ ബംഗ്ലാദേശ് സർക്കാർ നടപടിക്രമങ്ങൾ പാലിച്ചല്ല ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ശൈഖ് ഹസീനയെ വിട്ടുകിട്ടുന്നതിന് വേണ്ടിയുള്ള അപേക്ഷ ബംഗ്ലാദേശ് ഹൈകമീഷൻ വിദേശകാര്യമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ഡിസംബർ 23ാം തീയതിയാണ് ഇത്തരമൊരു അപേക്ഷ സമർപ്പിച്ചത്. ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിളളൽ വീണിരുന്നു. ഇതിനിടെയാണ് ശൈഖ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യം ബംഗ്ലാദേശ് ഉയർത്തിയത്.
നിലവിൽ ബംഗ്ലാദേശ് നൽകിയിട്ടുള്ള അപേക്ഷ ശൈഖ് ഹസീനയെ വിട്ടുകൊടുക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐ.സി.ടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അറിയിച്ചത്. ഷെയ്ഖ് ഹസീനയ്ക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഐ.സി.ടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയ്‌ക്കെതിരേ കൂട്ടക്കൊലയാണ് ചുമത്തിയിരിക്കുന്നത്.
ബംഗ്ലാദേശിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈന്‍ മാധ്യമങ്ങളെ അറിയിച്ചു. ഹസീനയെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാന്‍ സൗകര്യമൊരുക്കാന്‍ തന്റെ ഓഫീസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇപ്പോള്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.