ധാക്ക: ബംഗ്ലാദേശിൽ ഇനി മുതൽ രാഷ്ട്ര പിതാവ് ശൈഖ് മുജീബുറഹ്മാൻ അല്ല. പാഠപുസ്തകങ്ങളിൽ അടിമുടി മാറ്റവുമായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. പുതിയ അധ്യയന വർഷത്തിലെ പാഠ പുസ്തകങ്ങളിലാണ് ഇതുവരെ രാഷ്ട്രപിതാവായി കണക്കാക്കിയിരുന്ന അവാമിലീഗ് നേതാവ് ശൈഖ് മുജീബുറഹ്മാനെ മാറ്റിയിരിക്കുന്നത്.
സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മേജർ സിയാവുർ റഹ്മാൻ ആണെന്നാണ് പുതിയ പുസ്തകങ്ങളിലുള്ളത്. പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ പാഠ പുസ്തകങ്ങളിൽനിന്നാണ് ബംഗബന്ധു എന്നറിയപ്പെടുന്ന മുജീബുറഹ്മാനെ ഒഴിവാക്കിയത്. പുതിയ പാഠപുസ്തകങ്ങളിൽ നിരവധി മാറ്റങ്ങളുണ്ടെന്ന് ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്യുന്നു. മുജീബുറഹ്മാന്റെ ഇളയമകളും പ്രധാനമന്ത്രിയുമായ ശൈഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയതിനു ശേഷമാണ് അവാമിലീഗിന്റെ നേതാക്കൾക്കെതിരെ ഇടക്കാല സർക്കാർ തിരിഞ്ഞത്.
1971 മാർച്ച് 26ന് സിയാവുർ റഹ്മാൻ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മാർച്ച് 27ന് ശൈഖ് മുജീബുറഹ്മാൻ പ്രഖ്യാപനം ആവർത്തിക്കുകയുമായിരുന്നുവെന്ന് നാഷനൽ കരിക്കുലം ആൻഡ് ടെക്സ്റ്റ്ബുക്ക് ബോർഡ് ചെയർമാൻ പ്രൊഫ. എ.കെ.എം റിയാസുൽ ഹസൻ പറഞ്ഞു.
മുജീബുറഹ്മാനാണ് പ്രഖ്യാപനം നടത്തിയതെന്നും പിന്നീട് വിമോചന യുദ്ധത്തിന്റെ സെക്ടർ കമാൻഡറായിരുന്ന സിയാവുർ റഹ്മാൻ മുജീബിന്റെ നിർദേശപ്രകാരം പ്രഖ്യാപനം വായിക്കുക മാത്രമാണ് ചെയ്തതെന്നും അവാമി ലീഗ് വാദം. നേരത്തേ പഴയ നോട്ടുകൾ ഘട്ടംഘട്ടമായി അസാധുവാക്കിയതോടെ കറൻസി നോട്ടുകളിൽ നിന്ന് ശൈഖ് മുജീബുറഹ്മാന്റെ ചിത്രം ഒഴിവാക്കുന്ന നടപടിക്ക് ബംഗ്ലാദേശ് തുടക്കം കുറിച്ചിരുന്നു. ജനകീയ പ്രക്ഷോഭത്തിനൊടുവിൽ 2024 ആഗസ്റ്റ് അഞ്ചിന് ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നിഷ്‍കാസിതയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.