പ്രമുഖ ഇറാനിയൻ സംവിധായകനും ഭാര്യയും തെഹ്റാനിൽ കുത്തേറ്റ് മരിച്ചു

തെഹ്റാൻ: വിഖ്യാത ഇറാനിയൻ സംവിധാകയൻ ദാരിയുഷ് മെർജുയിയും ഭാര്യ വഹീദ മുഹമ്മദിഫാറും അജ്ഞാതനായ അക്രമിയുടെ കുത്തേറ്റ് മരിച്ചു. സ്വന്തം വീട്ടിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇറാൻ വാർത്ത ഏജൻസിയാണ് മരണവാർത്ത റിപ്പോർട്ട് ചെയ്തത്. തെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള പ്രാന്തപ്രദേശത്താണ് വീട്ടിലാണ് ദാരിയുഷ് മെർജൂയിയും ഭാര്യയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി മകൾ മോന മെർജുയി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇവരുടെ കഴുത്തിലാണ് കുത്തേറ്റത്. പൊലീസ് അന്വേഷണം തുടങ്ങി. അടുത്തിടെ സംവിധായകന്റെ ഭാര്യ വധഭീഷണിയുള്ളതായി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. 83 കാരനായ മെർജുയി 1970 കളുടെ തുടക്കത്തിൽ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായിരുന്നു. റിയലിസ്റ്റിക്ക് ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്‍റെ സിനിമകൾ.

1998 ലെ ചിക്കാഗോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചു. 1969ലെ ദ കൌ എന്ന ചിത്രമാണ് മെർജുയിയുടെ ക്ലാസിക്കുകളില്‍ ഒന്നായി അറിയപ്പെടുന്നത്.

1960 കളുടെ തുടക്കത്തിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയില്‍ സിനിമ വിദ്യാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. 2015ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭവാനയ്ക്കുള്ള അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Tags:    
News Summary - Noted Iranian film director, wife found stabbed to death at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.