representational image
ബർലിൻ: നഴ്സ് ഉപ്പുലായനി കുത്തിവെച്ചതിനെ തുടർന്ന്് ജർമനിയിൽ 9000ത്തിനടുത്ത് ആളുകളെ വീണ്ടും വാക്സിനേഷന് വിധേയമാക്കും. ഏപ്രിലിലാണ് ഫൈസർ വാക്സിന് പകരം ജർമൻ നഴ്സ് ഉപ്പുവെള്ളം കുത്തിവെച്ചതെന്ന് 'മെട്രോ യു.കെ' റിപ്പോർട്ട് ചെയ്തു.
ആരോപണം ഉയർന്നതോടെ ആറ് പേർക്ക് ഉപ്പുലായനി കുത്തിവെച്ചത് താനാണെന്ന് നഴ്സ് സമ്മതിച്ചിരുന്നു. ഫൈസർ വാക്സിന്റെ ഒരു കുപ്പി തന്‍റെ കൈയിൽ നിന്ന് നഷ്ടപ്പെട്ട് പോയതിനാലാണ് അങ്ങനെ ചെയ്തതെന്നായിരുന്നു വിശദീകരണം.
എന്നാൽ ധാരാളം പേരെ ഇവർ കബളിപ്പിച്ചതായി ആൻഡിബോഡി പരിശോധനയിൽ തെളിഞ്ഞു. വാക്സിനെ വിമർശിച്ച് ഇവർ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പങ്കുെവച്ചതായി പൊലീസ് കണ്ടെത്തി.
ഇതോടെയാണ് മാർച്ച് അഞ്ചിനും ഏപ്രിൽ 20നും ഇടയിൽ കുത്തിവെപ്പെടുത്തവർക്ക് വീണ്ടും വാക്സിൻ നൽകുമെന്ന് ഫ്രീസ്ലാൻഡ് ജില്ല അഡ്മിനിസ്ട്രേറ്റർ സ്വെൻ ആംബ്രോസി വ്യക്തമാക്കിയത്. ഇക്കാലയളവിൽ കുത്തിവെപ്പെടുത്ത എത്ര പേർക്ക് യഥാർഥ വാക്സിൻ ലഭിച്ചുവെന്ന കാര്യത്തിൽ വ്യക്തതതയില്ലാത്തതിനാലാണ് 8577 പേർക്കും വീണ്ടും വാക്സിൻ നൽകാൻ തീരുമാനിച്ചത്.
കുത്തിവെപ്പെടുത്ത എല്ലാവരും 70 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നതാണ് ആശങ്കയെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപ്പുവെള്ളം കുത്തിവെച്ചത് കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും വരില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
ജർമൻ ജനസംഖ്യയുടെ 57 ശതമാനം പേരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായാണ് കണക്കുകൾ. 91000 പേരാണ് ജർമനിയിൽ കോവിഡ്് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.