വാഷിങൺ: താൻ പ്രസിഡന്റായിരുന്നുവെങ്കിൽ ഹമാസിന്റെ ഇസ്രായേൽ ആക്രമണം നടക്കില്ലെന്ന് പറഞ്ഞ് റിപബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണാൾഡ് ട്രംപ്. പാർട്ടി കൺവെൻഷനിലാണ് ട്രംപിന്റെ പരാമർശം. ഈ ഭരണകൂടം ഉണ്ടാക്കിയ എല്ലാ പ്രതിസന്ധിക്കും താൻ പരിഹാരമുണ്ടാക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ പ്രസിഡന്റായിരുന്ന സമയത്ത് ഇറാൻ തകർന്ന അവസ്ഥയിലായിരുന്നു. ഇറാന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. എന്നാൽ, ബൈഡൻ ഭരണകൂടം ഉപരോധങ്ങളിൽ ഇളവ് വരുത്തിയതോടെ നിലവിൽ ഇറാന്റെ കൈവശം 250 ബില്യൺ ഡോളറുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ചൈനയോ മറ്റ് രാജ്യങ്ങളോ ഇറാനുമായി വ്യാപാരം നടത്തിയാൽ അവർക്ക് യു.എസുമായി വ്യപാരബന്ധമുണ്ടാവില്ലെന്ന് അറിയിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. പെൻസിൽവാനിയയിലെ വെടിവെപ്പിൽ മരിച്ചയാൾക്കും പരിക്കേറ്റവർക്കും വേണ്ടി തന്റെ അനുയായികൾ 6.3 മില്യൺ ഡോളർ സ്വരൂപിച്ചുവെന്നും ട്രംപ് അറിയിച്ചു. വെടിവെപ്പിൽ മരിച്ച പാർട്ടി പ്രവർത്തകന് വേണ്ടി പ്രസംഗത്തിനിടെ ട്രംപ് മൗനം ആചരിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയപ്രേരിതമായാണ് തനിക്കെതിരെ കേസുകളെടുത്തത്. നീതിന്യായ സംവിധാനത്തെ രാഷ്ട്രീയ ആയുധമായാണ് ഡെമോക്രാറ്റുകൾ ഉപയോഗിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ജനാധിപത്യത്തിന്റെ തന്നെ ശത്രുക്കളായാണ് ഡെമോക്രാറ്റുകൾ വിലയിരുത്തുന്നതെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.