വാഷിങ്ടൺ: അഫ്ഗാനിൽ നടത്തിയ ഡ്രോൺ ആക്രമണം അബദ്ധമായിരുന്നുവെന്ന് സമ്മതിച്ച് അമേരിക്ക. കാബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ഡ്രോൺ ആക്രമണം. യു.എസ് ആക്രമണത്തിൽ 10ഓളം സിവിലയൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഏഴുകുട്ടികളും ഉൾപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ ക്ഷമ ചോദിച്ചാണ് ഇപ്പോൾ അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിൽ അമേരിക്കൻ ജീവകാരുണ്യ സംഘടനക്ക് വേണ്ടി പ്രവർത്തിക്കുന്ന യുവാവും അയാളുടെ കുടുംബാംഗങ്ങളുമാണ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിരുന്നു.
ഐ.എസ്.ഐ.എസ്-കെ തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ, ഡ്രോൺ ആക്രമണത്തിൽ പിഴവ് പറ്റിയെന്നാണ് യു.എസ് സെൻട്രൽ കമാൻഡിന്‍റെ കമാൻഡർ ജനറൽ ഫ്രാങ്ക് മക്കെൻസി ഇപ്പോൾ പറയുന്നത്. ഡ്രോൺ ആക്രമണത്തിൽ തകർന്ന വാഹനവും കൊല്ലപ്പെട്ടവരും ഐ.എസുമായി ബന്ധമുള്ളവരല്ലെന്നാണ് മക്കെൻസിയുടെ പ്രസ്താവന. ഇവർ യു.എസ് സേനക്ക് ഭീഷണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതൊരു അബദ്ധമായിരുന്നു. ഡ്രോൺ ആക്രമണത്തിൽ ക്ഷമ ചോദിക്കുകയാണ്. കമാൻഡർ എന്ന നിലയിൽ ഡ്രോൺ ആക്രമണത്തിന്‍റെ പൂർണമായ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും മക്കെൻസി പറഞ്ഞു. കാബൂൾ വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഡ്രോൺ ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകൽ മുഴുവൻ നീണ്ട നിരീക്ഷണം, ഉന്നം തെറ്റിയ ആയുധം
ഒരു പകൽ മുഴുവൻ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് വെള്ള സെഡാൻ കാറിലേക്ക് മിസൈൽ തൊടുത്തതെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ അവകാശപ്പെട്ടിരുന്നത്. കാബൂൾ വിമാനത്താവളത്തിന് നേർക്ക് നടക്കാനിരുന്ന വലിയൊരു ആക്രമണത്തെ ഇതുവഴി തടഞ്ഞുവെന്നും സൈന്യം വ്യക്തമാക്കി. യഥാർഥത്തിൽ ന്യൂട്രീഷ്യൻ ആൻഡ് എഡ്യൂക്കേഷൻ ഇൻറർനാഷനൽ എന്ന കാലിഫോർണിയ ആസ്ഥാനമായ എയ്ഡ് ഗ്രൂപ്പിനൊ പ്പം 2006 മുതൽ പ്രവർത്തിക്കുന്ന സിമാരി അഹ്മദി (43) ആണ് മരിച്ചതെന്നാണ് 'ന്യൂയോർക് ടൈംസ്' കണ്ടെത്തിയത്. സംശയാസ്പദ യാത്രകളെന്ന് അമേരിക്ക പറഞ്ഞ അഹ്മദിയുടെ ആ ദിവസത്തെ യാത്രകൾ അയാളുടെ പതിവ് ദിനചര്യയുടെ ഭാഗമാണെന്നും വ്യക്തമായി. എയ്ഡ് ഗ്രൂപ്പിന്‍റെ ഓഫീസിലേക്കും തിരിച്ചും ജീവനക്കാരെ കൊണ്ടുപോകുന്ന ചുമതലയായിരുന്നു അഹ്മദിക്ക്. കാറിന്‍റെ ഡിക്കിയിലേക്ക് സ്ഫോടക വസ്തുക്കൾ കയറ്റിയതിന്‍റെ തെളിവായി അമേരിക്ക ചൂണ്ടിക്കാട്ടിയ ദൃശ്യങ്ങൾ യഥാർഥത്തിൽ വീട്ടിലേക്കുള്ള വലിയ വെള്ളക്കുപ്പികൾ കയറ്റുന്നതാണെന്നും തെളിഞ്ഞിരുന്നു.
ഡ്രോൺ ആക്രമണത്തിൽ മൂന്നുപേർ മരിച്ചുവെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്. എന്നാൽ ജനസാന്ദ്രതയേറിയ റെസിഡൻഷ്യൽ ബ്ലോക്കിൽ ഉണ്ടായ ആക്രമണത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 10 പേർ മരിച്ചതായും 'ന്യൂയോർക് ടൈംസ്' വെളിപ്പെടുത്തിയിരുന്നു. കാബൂൾ വിമാനത്താവളത്തിന് അഞ്ചുകിലോമീറ്റർ അകലെയുള്ള കുടുസുവീട്ടിൽ തന്‍റെ മൂന്നുസഹോദരൻമാർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമായിരുന്നു അഹ്മദിയുടെ താമസം. ന്യൂട്രീഷ്യൻ ആൻഡ് എഡ്യുക്കേഷൻ ഇൻറർനാഷനലിന്‍റെ (എൻ.ഇ.െഎ) അഫ്ഗാൻ ഓഫീസ് മേധാവി ആ ദിനം രാവിലെ 8.45നാണ് അഹ്മദിയെ വിളിക്കുന്നത്. തന്‍റെ ലാപ്ടോപ് എടുത്തുകൊണ്ടുവരണമെന്ന് പറയാനായിരുന്നു ഇത്. ഒമ്പതുമണിയോടെ അഹ്മദി ജീവിതത്തിൽ അവസാനമായി വീടുവിട്ടിറങ്ങി. എൻ.ഇ.ഐയുടെ '96 മോഡൽ വെള്ള കൊറോള കാറിലാണ് യാത്ര.
ഈ സമയം മുതലാണ് അഹ്മദിയും വെള്ള കാറും അമേരിക്കൻ റഡാറിൽ പെടുന്നത്. ഓഫീസിലേക്കുള്ള വഴിയിൽ മൂന്നിടത്ത് അഹ്മദി കാർ നിർത്തി. ദുരൂഹമായ നിർത്തലുകളെന്ന് അമേരിക്ക വ്യാഖ്യാനിച്ച ഈ ഇടവേളകൾ രണ്ടു സഹപ്രവർത്തകരെ കയറ്റാനും ബോസിന്‍റെ വീട്ടിൽ നിന്ന് അദ്ദേഹത്തിന്‍റെ ലാപ്ടോപ് എടുക്കാനുമായിരുന്നു. എൻ.ഇ.ഐ മേധാവിയുടെ ഈ വീടിന് അടുത്തുനിന്നാണ് ഐ.എസ് ഭീകരർ അടുത്തിടെ ടൊയോട്ട കൊറോള കാറിന് പിന്നിൽ ഒളിപ്പിച്ച ലോഞ്ചറിൽ നിന്ന് കാബൂൾ വിമാനത്താവളത്തിന് നേർക്ക് ഒരു മിസൈൽ പ്രയോഗിച്ചത്. ഇതാണ് അമേരിക്കൻ നിരീക്ഷണ സംഘത്തിന് സംശയമായത്. എൻ.ഇ.ഐ മേധാവിയുടെ ഈ വീട് 'ന്യൂയോർക് ടൈംസ്' സംഘം സന്ദർശിച്ചിരുന്നു. 40 വർഷമായി കുടുംബം താമസിക്കുന്ന വീടാണെന്ന് വീട്ടുകാർ വ്യക്തമാക്കി.
ദിവസത്തിന് നീളം കൂടുേമ്പാഴും എം ക്യു - 9 റീപ്പർ ഡ്രോൺ അഹ്മദിയുടെ കാറിനെ പിന്തുടർന്നുകൊണ്ടേയിരുന്നു. 9.35ന് അഹ്മദിയുടെ കാർ എൻ.ഇ.ഐ ഓഫീസിലെത്തി. അൽപം കഴിഞ്ഞ്, അഹ്മദിയും ചില സഹപ്രവർത്തകരും കാബൂൾ ഡൗൺടൗണിലെ താലിബാൻ നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷനിലേക്ക് പോയി. സമീപത്തെ പാർക്കിൽ തമ്പടിച്ചിരിക്കുന്ന അഭയാർഥികൾക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള അനുമതി വാങ്ങാനായിരുന്നു അത്. ഉച്ചക്ക് രണ്ടുമണിയോടെ അവിടെ നിന്ന് ഓഫീസിൽ തിരിച്ചെത്തി. അര മണിക്കൂറിന് ശേഷമുള്ള ക്യാമറ ഫൂേട്ടജിൽ അഹ്മദി വെള്ളമൊഴുകുന്ന ഹോസുമായി ഓഫീസ് വാതിലിന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളുണ്ട്. ഓഫീസ് ഗാർഡിന്‍റെ സഹായത്തോടെ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ വെള്ളം നിറച്ചു. വീട്ടിലേക്കുള്ള കുടിവെള്ളമാണ് അഹ്മദി നിറക്കുന്നത്. അഫ്ഗാൻ സർക്കാർ വീണതിന് പിന്നാലെ അഹ്മദി താമസിക്കുന്ന പ്രദേശത്ത് ജലവിതരണം നിലച്ചിരുന്നു. ഈ വെള്ള ക്യാനുകളെയാണ് സ്ഫോടക വസ്തുക്കളായി അമേരിക്ക വ്യാഖ്യാനിച്ചത്.
3.38 ന് ഗാർഡും മറ്റൊരു സഹപ്രവർത്തകനും കയറിയ കാർ അഹ്മദി മാറ്റിയിട്ടു. 'ന്യൂയോർക് ടൈംസ്' സമാഹരിച്ച ക്യാമറ ഫുേട്ടജ് അവിടെ അവസാനിക്കുന്നു. അധികം കഴിയുംമുമ്പ് ജനറേറ്ററുകൾ ഓഫ് ചെയ്യപ്പെട്ടു. ഓഫീസ് അടച്ചു. അഹമദിയും രണ്ടു സഹപ്രവർത്തകരും കാറിൽ മടക്കയാത്ര തിരിച്ചു. അമേരിക്കൻ വ്യാഖ്യാനത്തിൽ കാർ നിറയെ സ്ഫോടക വസ്തുക്കളുമായി ലക്ഷ്യം തേടിയുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. വെള്ള ക്യാനുകൾക്ക് പുറമേ, രണ്ട് ഓഫീസ് ലാപ്ടോപുകൾ മാത്രമാണ് കാറിൽ ആകെയുണ്ടായിരുന്നത്. സാധാരണ യാത്രകളിൽ നല്ല പാട്ടുകൾ ഇടുമായിരുന്നു അഹ്മദി. താലിബാൻ മേൽക്കൈ നേടിയ ശേഷം അഹ്മദിയുടെ കാർ സ്റ്റീരിയോ മിണ്ടിയിട്ടില്ല. താലിബാന് സംഗീതം ഇഷ്ടമല്ലെന്ന് അഹ്മദിക്ക് നന്നായി അറിയാം. പോകുന്ന വഴിയെ മൂന്നു സഹപ്രവർത്തകരെയും അഹ്മദി അവരുടെ വീടുകളിൽ ഇറക്കി. വീട്ടിൽ കയറിയിട്ട് പോകാമെന്ന് അവസാനത്തെയാൾ ക്ഷണിച്ചു. ക്ഷീണിച്ചിരിക്കുകയാണ്, പിന്നെയാകാമെന്നായിരുന്നു അഹ്മദിയുടെ മറുപടി.
നേരെ വീട്ടിലേക്കായിരുന്നു പിന്നീട് യാത്ര. 4.50. വീടിന്‍റെ ഗേറ്റിന് മുന്നിൽ കാർ നിർത്തി. ഡ്രോൺ കമാൻഡ് സെൻററിൽ ടാക്റ്റിക്കൽ കമാൻഡർ ആക്രമണത്തിനായി ഒരുങ്ങി. ജനവാസ മേഖലയാണ്. ഡ്രോൺ ഓപററ്റേർമാർ പ്രദേശം അതിവേഗം സ്കാൻ ചെയ്തു. ഒരേയൊരു പുരുഷൻ മാത്രമാണ് കാറിന് തൊട്ടടുത്ത് ഉള്ളതെന്നാണ് നിരീക്ഷണം. വനിതകളില്ല, കുട്ടികളില്ല. മറ്റാരുമില്ല പരിസരത്ത്. ഓപറേറ്റർ സ്ഥിരീകരിച്ചു. പക്ഷേ, അഹ്മദിയുടെ കുടുംബം പറയുന്നത് മറ്റൊരു കഥയാണ്: അഹ്മദിയുടെ കാർ വന്ന് നിന്നതും അദ്ദേഹത്തിന്‍റെയും സഹോദരൻമാരുടെയും മക്കൾ കാറിനടുത്തേക്ക് ഓടിയെത്തി. കാർ തിരിച്ചിടാൻ അഹ്മദി ശ്രമിക്കുേമ്പാഴേക്കും പിള്ളേർ സെറ്റ് കാറിന്‍റെ പിൻ സീറ്റിലേക്ക് ഓടിക്കയറി. അഹ്മദിയുടെ കസിൻ നാസർ ഡിക്കിയിലെ വെള്ളകുപ്പികൾ എടുക്കാൻ കാറിനടുത്തേക്ക് വന്നു. കാർ ഓഫ് ചെയ്യാൻ അഹ്മദി കൈനീട്ടി.
അതിനും മുേമ്പ, കമാൻഡ് സെൻററിൽ ഒരു സ്വിച്ച് അമർത്തപ്പെട്ടു. റീപ്പർ ഡ്രോണിൽ നിന്ന് ഹെൽഫയർ മിസൈൽ വിക്ഷേപിക്കപ്പെട്ടു. കണ്ണടച്ചുതുറക്കും മുമ്പ് അഹ്മദിയുടെ കാർ അയാളെയും കുട്ടികളെയും കൊണ്ട് ഒരു തീഗോളമായി മാറി. ഭൂമികുലുങ്ങുന്നത് പോലൊരു ഭീകരശബ്ദത്തിനൊപ്പം വീടിനകത്തേക്ക് ചില്ലുകഷ്ണങ്ങൾ ആഞ്ഞുപതിച്ചുവെന്ന് കോലായയിൽ നിൽക്കുകയായിരുന്ന അഹ്മദിയുടെ സഹോദരൻ റുമാൽ ഒാർത്തു. അഹ്മദിക്കൊപ്പം അദ്ദേഹത്തിന്‍റെ മൂന്നുമക്കൾ, റുമാലിന്‍റെ മൂന്നുമക്കൾ, വെള്ളം ക്യാൻ എടുക്കാൻ വന്ന കസിൻ നാസർ എന്നിവരുൾപ്പെടെ 10 പേരുടെ മൃതദേഹങ്ങൾ അടുത്തദിവസം കുടുംബം ഖബറടക്കി. 'നിരപാധികളായിരുന്നു എല്ലാവരും. നിങ്ങൾ പറയുന്നു, അഹ്മദി ഐ.എസാണെന്ന്. പക്ഷേ, അവൻ ജോലി ചെയ്തിരുന്നത് അമേരിക്കക്ക് വേണ്ടിയായിരുന്നു.'- അഹ്മദിയുടെ സഹോദരൻ ഇമാൽ കണ്ണീർ വാർക്കുന്നു. ന്യൂയോർക്ക് ടൈംസിേന്റയും അഹ്മദിയുടെ സഹോദരൻ ഇമാലിന്‍റെ വാദങ്ങൾ ശരിവെക്കുന്നതാണ് മക്കെൻസിയുടെ കുറ്റസമ്മതം. അഫ്ഗാനിൽ തങ്ങൾക്ക് ഒരിക്കൽ കൂടി പിഴച്ചിരിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് യു.എസ് കമാൻഡർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.