പേജർ സ്ഫോടനം: മലയാളി ബന്ധത്തിന് തെളിവില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി

ന്യൂഡൽഹി: ലബനാനിൽ ഹിസ്ബുല്ല ഉപയോഗിച്ച പേജറുകൾ പൊട്ടിത്തെറിച്ചുള്ള സ്ഫോടനത്തിൽ മലയാളി റിൻസൺ ജോസിന്റെ കമ്പനി നിയമലംഘനം നടത്തിയതായി തെളിവില്ലെണ് ബൾഗേറിയൻ അന്വേഷണ ഏജൻസി. പേജറുകൾ നിർമിച്ച കമ്പനിക്ക് പണം കൈമാറാനുള്ള നിഴൽ കമ്പനിയായി റിൻസന്‍റെ സ്ഥാപനം പ്രവർത്തിച്ചെന്നാണ് അനുമാനം. പേജറുകൾ നിർമിച്ചതിലോ സ്ഫോടക വസ്തുക്കൾ ഇതിൽ നിറച്ച ഇസ്രായേൽ നീക്കത്തിലോ റിൻസണ് പങ്കുള്ളതായി തെളിവില്ല. ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ബൾഗേറിയൻ ഏജൻസികൾ വ്യക്തമാക്കി.

റിൻസൺ ജോസിന്റെ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിന്റെ നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴിയാണ് പേജറിനുള്ള പണം കൈമാറിയതെന്ന് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. തയ്‍വാനിലെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ ലോഗോ ഉള്ള പേജറുകളാണ് ലെബനാനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ ഇവ നിർമിച്ചിട്ടില്ലെന്നും ഹംഗേറിൻ കമ്പനിയായ ബി.എ.സിക്ക് ബ്രാൻഡ് നെയിം ഉപയോഗിക്കാനുള്ള അവകാശം നൽകിയിരുന്നു എന്നുമാണ് തയ്‍വാൻ കമ്പനിയുടെ വിശദീകരണം.

ബി.എ.സിക്ക് ഇടപാടിനുള്ള പണമെത്തിയത് റിൻസൺ ജോസിന്റെ കമ്പനികൾ വഴിയാണ്. നോർവെയിലെ ഓസ്ലോയിൽ താമസിക്കുന്ന റിൻസൺ, ബൾഗേറിയയിലാണ് തന്‍റെ കമ്പനികൾ രജിസ്റ്റർ ചെ‍യ്തിരിക്കുന്നത്. നോർവെയിലെ ഡി.എൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ട്. ഏതാണ്ട് 15 കോടി രൂപയാണ് റിൻസൺ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയത്. കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും പരിശോധന തുടങ്ങിയെന്ന് സൂചനയുണ്ട്.  

അതേസമയം പേജറുകളിൽ സ്ഫോടക വസ്തുക്കൾ വെച്ച സംഭവത്തിൽ ഇടനിലക്കാരി ഇസ്രായേലിന്‍റെ മൊസാദുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം റിൻസന് അറിയില്ലെന്ന് ഡെയ്‍ലി മെയിൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. ബി.എ.സി കൺസൽട്ടിങ് കമ്പനിക്ക് ഓഫിസ് പോലുമില്ലെന്ന് ഹംഗേറിയൻ മാധ്യമങ്ങൾ പറയുന്നു. ബി.എ.സിയുടെ എം.ഡിയായ ക്രിസ്റ്റ്യാന ബർസോണി ആർസിഡിയാക്കോണോ എന്ന യുവതിയാണ് നോർട്ട ഗ്ലോബലുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തിയിരുന്നത്. ഗോള്‍ഡ് അപ്പോളോയുമായി ബി.എ.സിയാണ് പേപ്പറില്‍ ഒപ്പിട്ടിരുന്നതെങ്കിലും അതിന് പിന്നില്‍ നോര്‍ട്ടയായിരുന്നുവെന്നാണ് ഹംഗേറിയന്‍ മാധ്യമം പറയുന്നത്. തയ്വാനില്‍നിന്ന് പേജറുകള്‍ കൊണ്ടുവന്ന് ഹിസ്ബുല്ലക്ക് കൈമാറിയതും നോര്‍ട്ടയാണെന്ന് ഇവര്‍ പറയുന്നു.

റിൻസൺ തെറ്റു ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചതിക്കപ്പെട്ടതാകാമെന്നുമാണ് കുടുംബം പ്രതികരിച്ചത്. റിൻസൻ ഏറ്റവും ഒടുവിൽ നാട്ടിൽ വന്നത് നവംബറിലാണ്. ജനുവരിയിൽ മടങ്ങുകയും ചെയ്തു. വയനാട് സ്വദേശിയായ റിൻസൺ ഭാര്യക്കൊപ്പമാണ് ബൾഗേറിയയിൽ താമസിക്കുന്നത്.

Tags:    
News Summary - Pager explosion: Bulgarian investigation agency says no evidence of Malayalee connection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.