ഇസ്ലാമാബാദ്: കോവിഡ് ബാധിതനായി നാലാം ദിവസം മാധ്യമ സംഘവുമായി കൂടിക്കാഴ്ച നടത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ വൻ പ്രതിഷേധം. കഴിഞ്ഞ ശനിയാഴ്ചയാണ് 68കാരനായ ഇംറാന് കോവിഡ് ബാധിതനായത്. കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് രണ്ട് ദിവസം തികയും മുമ്പാണ് ഇംറാന് രോഗം ബാധിച്ചത്.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി ഷിബ്ലി ഫറാസ് യോഗത്തിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. ഗ്രേ നിറത്തിലുള്ള ട്രാക്സ്യൂട്ടും ജോഗ്ഗറുകളും അണിഞ്ഞ ഇംറാൻ സോഫയിൽ മാധ്യമസംഘവുമായി അൽപം അകലം പാലിച്ച് ഇരിക്കുന്നതായാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
രാജ്യത്ത് മൂന്നാം കോവിഡ് തരംഗ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കോവിഡ് ചട്ടങ്ങൾ ലംഘിച്ച പ്രധാനമന്ത്രിക്കും യോഗത്തിൽ പങ്കെടുത്തവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ക്വാറന്‍റീനിൽ കഴിയുന്ന വേളയിൽ യോഗം നടത്തിയ പ്രധാനമന്ത്രിയുടെ പ്രവർത്തിയെ ന്യായീകരിച്ച് സർക്കാർ തലത്തിൽ ആരും തന്നെ രംഗത്തെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
വിഡിയോ കോൺഫറൻസിങ് അടക്കമുള്ള സംവിധാനങ്ങൾ ഉള്ള സമയത്ത് ഇത്തരത്തിൽ ഒരു യോഗം നടത്തിയ ഇംറാനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. പാകിസ്താനിൽ കോവിഡ് ബാധിതനായ വ്യക്തി ഒമ്പത് മുതൽ 14 ദിവസം വരെ ക്വാറന്‍റീനിൽ കഴിയണമെന്നാണ് ചട്ടം. എന്നാൽ രോഗബാധിതനായി നാലാം ദിനമായിരുന്നു വിവാദമായ യോഗം.
സാധ്യമായ പ്രതിരോധ മാർഗങ്ങളെല്ലാം സ്വീകരിച്ചിരുന്നുവെന്നും കൃത്യമായ അകലം പാലിച്ചായിരുന്നു യോഗം നടത്തിയതെന്നും മന്ത്രി ആസാദ് ഉമർ പറഞ്ഞു. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ യോഗം നടത്താതിരിക്കുന്നതായിരുന്നു ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.