ഇസ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ഭാവി തീരുമാനിക്കുന്ന നിർണായക അവിശ്വാസ പ്രമേയം ഇന്ന്. നേരത്തെ തന്നെ സഭയിൽ ഭൂരിപക്ഷം നഷ്ടമായ ഇംറാന് അവിശ്വാസം അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
എന്നാൽ, അവസാന പന്തിലും പോരാടുമെന്ന് വ്യാഴാഴ്ച രാത്രിയിലെ കോടതിവിധിക്ക് പിന്നാലെ ഇംറാൻ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച കാബിനറ്റ് യോഗവും പാർലമെന്ററി പാർട്ടി യോഗവും ഇംറാൻ വിളിച്ചു ചേർത്തു. സുപ്രീംകോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്താനാണ് ഇംറാന്റെ പാർട്ടി, പാകിസ്താൻ തെഹ്‍രീകെ ഇൻസാഫിന്റെ തീരുമാനം. ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് അവിശ്വാസം നേരിടണമെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി ഇംറാന് വൻ തിരിച്ചടിയായിരുന്നു.
സർക്കാറിനെ അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയുടെ ഭാഗമാണ് അവിശ്വാസം എന്ന് ചൂണ്ടിക്കാട്ടി ഈ മാസം മൂന്നിനാണ് അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി തള്ളിയത്. തുടർന്ന് ഇംറാന്റെ നിർദേശ പ്രകാരം പ്രസിഡന്റ് ആരിഫ് ആൽവി ദേശീയ അംസംബ്ലി പിരിച്ചുവിട്ടു. ഈ നടപടികളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാലിന്റെ നേതൃത്വത്തിൽ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്.
342 അംഗ സഭയിൽ അവിശ്വാസം ജയിക്കാൻ വേണ്ട 172 പേരുടെ ഭൂരിപക്ഷ പിന്തുണ പ്രതിപക്ഷത്തിനുണ്ട്. ശനിയാഴ്ച രാവിലെ പത്തു മണിക്കാണ് കോടതി നിർദേശപ്രകാരം സഭ ചേരേണ്ടത്. അവിശ്വാസപ്രമേയത്തിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, തെഹ്‍രീകെ ഇൻസാഫിന്റെ എല്ലാ അംഗങ്ങളും ദേശീയ-പ്രാദേശിക അസംബ്ലികളിൽനിന്ന് രാജിവെക്കാൻ ആലോചിക്കുന്നതായി 'എക്സ്പ്രസ് ട്രിബ്യൂൺ' പത്രം റിപ്പോർട്ട് ചെയ്തു. കോടതിയുടെ നിർഭാഗ്യകരമായ വിധി പാകിസ്താനിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് വാർത്ത വിനിമയ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. സർക്കാറിനെ അട്ടിമറിക്കാനുള്ള വിദേശ ശക്തികളുടെ നീക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഇംറാന്റെ പാർട്ടിയും ആലോചിക്കുന്നുണ്ട്.
ഇതേ വിഷയം അന്വേഷിക്കാൻ വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ താരിഖ് ഖാന്റെ നേതൃത്വത്തിൽ കമീഷനെ നിയമിച്ചതായി ഫവാദ് ചൗധരി പറഞ്ഞു. എവിടെവെച്ചാണ് ഗൂഢാലോചന നടന്നത്, ആരൊക്കെയാണ് രാജ്യത്ത് ഇതിന് പിന്തുണ നൽകിയത് തുടങ്ങിയ കാര്യങ്ങളായിരിക്കും കമീഷൻ പരിശോധിക്കുക എന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ തങ്ങളുടെ നേതാക്കന്മാരെ അറസ്റ്റ് ചെയ്യുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്താൽ വൻ പ്രതിഷേധത്തിനും തെഹ്‍രീകെ ഇൻസാഫ് നീക്കം നടത്തുന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.