ഇസ്‍ലാമാബാദ്: പാകിസ്താൻ ചാരസംഘടന (ഐ.എസ്.ഐ) മുൻ മേധാവി ഫായിസ് ഹമീദ് അറസ്റ്റിൽ. ടോപ്സിറ്റി ഭവനപദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ഐ.എസ്.ഐ മേധാവി ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ അറസ്റ്റ് ചെയ്തതായും അദ്ദേഹത്തിനെതിരെ കോടതി നടപടികൾ ആരംഭിച്ചതായും പാകിസ്താൻ സൈന്യം തിങ്കളാഴ്ച അറിയിച്ചു.
മുൻ പാകിസ്താൻ പ്രസിഡന്റ് ഇമ്രാൻ ഖാനുമായി അടുത്ത ബന്ധം ഫായിസ് ഹമീദിനുണ്ട്. പാകിസ്താൻ സുപ്രീം കോടതിയുടെ ഉത്തരവുകൾ പ്രകാരം ഫായിസ് ഹമീദിനെതിരെ ടോപ്പ് സിറ്റി കേസിലെ പരാതികൾ പരിശോധിക്കാൻ സൈന്യം വിശദമായ അന്വേഷണം നടത്തിയിരുന്നു. 2019 ജൂണിലാണ് ഫായിസ് ഹമീദിനെ ഐ.എസ്.ഐ തലവനായി നിയമിച്ചത്.
അന്നത്തെ ഐ.എസ്.ഐ തലവനും നിലവിലെ കരസേനാ മേധാവിയുമായ ലെഫ്റ്റനന്റ് ജനറൽ അസിം മുനീറിനെ തല് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തപ്പോഴാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നിയമിച്ചത്. 2023 നവംബറിൽ ടോപ്പ് സിറ്റി ഹൗസിംഗ് ഡെവലപ്‌മെൻറിന്റെ ഉടമ മോയീസ് അഹമ്മദ് ഖാനാണ് ഫായിസ് ഹമീദിനെതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയത്.
2017ൽ ഹമീദിന്റെ നേതൃത്വത്തിൽ ഐ.എസ്.ഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഓഫിസിലും വസതിയിലും റെയ്ഡ് നടത്തുകയും സ്വർണവും വജ്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഹമീദ് ഖാനിൽ നിന്ന് നാല് കോടി രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.
ശേഷം ഫായിസ് ഹമീദിനെതിരെ പാകിസ്താൻ ആർമി ആക്ടിന്റെ വകുപ്പുകൾ പ്രകാരം അച്ചടക്ക നടപടി ആരംഭിച്ചതായും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.