മഹമൂദ് ഹസ്സൻ അബ്ദുൽ കാദൽ അൽനാബുൽസി, ഖാലിദ് അൽ നബ്രീസ്

‘നാലുനാൾ തുള്ളിവെള്ളം പോലും തന്നില്ല; എന്നെ പൊതിരെ തല്ലി’ -ഇസ്രായേൽ സേന തട്ടിക്കൊണ്ടുപോയ 70കാരൻ

ഗസ്സ: ‘ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 10 ദിവസങ്ങളായിരുന്നു അത്. എന്നെ പൊതിരെ തല്ലി. ശരീരം മുഴുവൻ വേദന കൊണ്ട് പുളഞ്ഞു. നാലുനാൾ തുള്ളിവെള്ളം പോലും തന്നില്ല’ -പറയുന്നത് 70കാരനായ മഹമൂദ് ഹസ്സൻ അബ്ദുൽ കാദൽ അൽനാബുൽസി. നിരവധി അസുഖങ്ങൾ കൊണ്ട് വലയുന്ന, വയോധികനായ ഇദ്ദേഹത്തെ സ്വന്തം വീട്ടിൽനിന്ന് ഇസ്രായേൽ അധിനിവേ​ശ സേന തട്ടിക്കൊണ്ടുപോവുകയായിരുന്നു. 10 നാൾ കൊടുംപീഡനത്തിനിരയാക്കിയ ശേഷം വിട്ടയച്ചു.

“സൈന്യം എന്റെ വീട് ആക്രമിക്കാൻ വന്നപ്പോൾ ഞാൻ വീട്ടിനുള്ളിലായിരുന്നു. എനിക്ക് അസുഖമാണെന്നും അനങ്ങാൻ കഴിയില്ലെന്നും ഞാൻ അവരോട് പറഞ്ഞു. എന്നെപുറത്തെത്തിച്ച് ഒരു കവചിത വാഹനത്തിൽ കയറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ആദ്യം ഞാൻ കരുതിയത്. എന്നാൽ, ഇസ്രായേലിലേക്കാണ് കൊണ്ടുപോയത്. അവിടെ രഹസ്യ കേന്ദ്രത്തിൽ തടങ്കലിൽ പാർപ്പിച്ച് മർദിക്കുകയും പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു’ -മഹമൂദ് ഹസ്സൻ അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

“10 ദിവസം ഇസ്രായേലിൽ തടവിലാക്കി. അവിടെ അവർ എന്നെ പൊതിരെ തല്ലുകയും നിരന്തരം അപമാനിക്കുകയും ചെയ്തു. ശരീരം മുഴുവൻ ഇ​േപ്പാഴും വേദനിക്കുന്നു. മണിക്കൂറുകളോളം ഞങ്ങളെ മുട്ടുകുത്തി നിൽക്കാൻ നിർബന്ധിച്ചു. തുരങ്കങ്ങളെ കുറിച്ചും ഹമാസിൻ്റെ പിടിയിലകപ്പെട്ടവരെ കുറിച്ചും അവർ എന്നോട് ചോദിച്ചുകൊണ്ടിരുന്നു. ‘എനിക്ക് 70 വയസ്സായി, ഈ കാര്യങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ല’ എന്ന് ഞാൻ അവരോട് പറഞ്ഞു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വന്നപ്പോൾ അവർ എന്നെ ഒരുപാട് അടിച്ചു. ദൈവ​മാണെ സത്യം, നാല് ദിവസത്തേക്ക് ഒരു തുള്ളി വെള്ളം പോലും എനിക്ക് കിട്ടിയില്ല. എൻ്റെ ജീവിതത്തിലെ ഏറ്റവും മോശം 10 ദിവസങ്ങളായിരുന്നു അത്’ -വാർധക്യത്തിന്റെ അവശതകളിലുള്ള ആ എഴുപതുകാരൻ ജീവിത സായാഹ്നത്തിൽ നേരിട്ട കൊടുംക്രൂരതയെ കുറിച്ച് പറഞ്ഞു നിർത്തി.

കക്കൂസിൽ പോലും പോകാൻ അനുവദിക്കാതെ മൂന്നുനാൾ തങ്ങളെ ക്രൂരമായി പീഡിപ്പിച്ചതായി ഇസ്രായേൽ തട്ടിക്കൊണ്ടുപോയ മറ്റൊരു ഗസ്സ നിവാസി ഖാലിദ് അൽ നബ്രീസ് പറഞ്ഞു. ‘വീടൊഴിയണമെന്ന് ഇസ്രായേൽ അധിനിവേശ സേന മുന്നറിയിപ്പ് തന്നപ്പോൾ ഞങ്ങൾ കടൽ തീരം ലക്ഷ്യമിട്ട് നീങ്ങി. എന്നാൽ, സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിൽ എത്തിയ ഉടൻ ഇസ്രായേൽ സൈനികർ ഞങ്ങളെ തട്ടിക്കൊണ്ടുപോയി. ചോദ്യം ചോദിക്കാൻ പോലും ഞങ്ങൾക്ക് അവസരം നൽകിയില്ല. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ക്രൂര മർദനത്തിനിരയായി ആദ്യമൂന്ന് ദിവസം കഴിച്ചു കൂട്ടി. കക്കൂസിൽ പോകാൻ പോലും ഞങ്ങളെ അനുവദിച്ചില്ല. പിന്നാലെ, പുതിയ പീഡന രീതികൾക്കായി അവർ ഞങ്ങളെ മറ്റൊരിടത്തേക്ക് മാറ്റി. മൂന്ന് ദിവസത്തെ പട്ടിണിക്ക് ശേഷം ഒരു കുട്ടിക്ക് പോലും തികയാത്ത ഭക്ഷണമാണ് അവർ ഞങ്ങൾക്ക് നൽകിയത്’ -ഖാലിദ് അൽ നബ്രീസ് പറഞ്ഞു.

“കൊടും തണുപ്പുള്ള കാലാവസ്ഥയിൽ കിടക്കാൻ വളരെ നേർത്ത വിരിപ്പും നനഞ്ഞുകുതിർന്ന പുതപ്പുമാണ് അവർ തന്നത്. അപ്പോഴും ഇസ്രായേലി പട്ടാളക്കാർ ഞങ്ങളെ അടിക്കുന്നതും അപമാനിക്കുന്നതും അസഭ്യം പറയുന്നതും നിർത്തിയില്ല.’ -അദ്ദേഹം പറഞ്ഞു. 



Tags:    
News Summary - Palestinians in Gaza tortured and humiliated during detention by Israeli forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.